
ദുബായ്: ഇസ്രായേലും അമേരിക്കയും ഇറാനില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയിട്ട് നാളേറെയായിട്ടില്ല. ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമിച്ചതിനെതിരെ ലോകത്തെ ഭൂരിഭാഗം ജനതയും അപലപിക്കുമ്പോള്‍തന്നെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതുമാണ്.
ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍, അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു ഗുരുതര വിഷയമാണ്. രാജ്യത്തെ ഭരണകൂടത്തിന്റെ കര്‍ശനമായ നിയമങ്ങളും, മതാധിഷ്ഠിത ഭരണവ്യവസ്ഥയും, സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ വിവേചനവും ഈ ലംഘനങ്ങളുടെ കാതലാണ്.
ഇറാനില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വിവിധ രൂപങ്ങളില്‍ പ്രകടമാണ്. യുഎന്‍ ഫാക്ട്-ഫൈന്‍ഡിംഗ് മിഷന്റെ 2025-ലെ റിപ്പോര്‍ട്ട് പ്രകാരം, സ്ത്രീകളുടെയും പുരുഷന്മാരുടെയും അവകാശങ്ങള്‍ ലംഘിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഭരണകൂടം അടുത്തിടെ ശക്തമാക്കിയിട്ടുണ്ട്.
വിമര്‍ശകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ യാതൊരു തെളിവുമില്ലാതെയാണ് അറസ്റ്റുകള്‍ നടക്കുന്നത്. കുര്‍ദ് വനിതാ പ്രവര്‍ത്തകയായ പഖ്ഷാന്‍ അസീസിയുടെ മരണശിക്ഷ 2025-ല്‍ ഇറാന്‍ സുപ്രീം കോടതി ശരിവച്ചത്, അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് യുഎന്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അഭിപ്രായ പ്രകടനത്തിനും, പ്രതിഷേധങ്ങള്‍ക്കും, സോഷ്യല്‍ മീഡിയ ഉപയോഗത്തിനും കര്‍ശനമായ നിയന്ത്രണങ്ങളാണ് ഇറാനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറാനില്‍ വധശിക്ഷ, പ്രത്യേകിച്ച് തൂക്കിക്കൊല, സാധാരണമാണ്. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇത് നിയമപരമായ ശിക്ഷയാണ്.
2008-ല്‍ ടെഹ്റാനിലെ എവിന്‍ ജയിലില്‍ 29 പേരെയാണ് ഒരേ ദിവസം തൂക്കിക്കൊന്നത്. പൊതുസ്ഥലങ്ങളില്‍, ക്രെയിനുകള്‍ ഉപയോഗിച്ച് പരസ്യമായി തൂക്കിക്കൊല നടത്തുന്നത് ജനങ്ങളില്‍ ഭയം വിതയ്ക്കാന്‍ ലക്ഷ്യമിടുന്നു.
2005-ല്‍, 15, 17 വയസ്സുള്ള രണ്ട് യുവാക്കളെ സ്വവര്‍ഗ്ഗരതിയിലും ബലാത്സംഗത്തിലും ഏര്‍പ്പെട്ടുവെന്ന കുറ്റത്തിനും പരസ്യമായി തൂക്കിക്കൊന്നു. ഇത്തരം ശിക്ഷകള്‍, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്.
സ്ത്രീകള്‍ക്കെതിരായ വിവേചനവും ഇറാനില്‍ സര്‍വ്വസാധാരണമാണ്. നിര്‍ബന്ധിത ഹിജാബ് നിയമങ്ങള്‍, സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുന്നതിന്റെ പ്രധാന ഉദാഹരണമാണ്. 2022-ല്‍ മഹ്‌സാ അമിനിയുടെ മരണം, വന്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി. എന്നാല്‍, 2024-ല്‍, ഈ നിയമം കൂടുതല്‍ കര്‍ശനമാക്കുകയാണ് ഇറാനിലെ ഇസ്ലാമിക് ഭരണകൂടം ചെയ്തത്. മരണശിക്ഷ, ചമ്മട്ടി അടി, തടവ് എന്നിവയും ശിക്ഷയില്‍ ഉള്‍പ്പെടുത്തി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം, എല്ലാ സ്ത്രീകളും, അവരുടെ മതം പരിഗണിക്കാതെ, ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിതരാണ്.
ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക് ദൈനംദിന ജീവിതത്തില്‍ ശാരീരികവും ലൈംഗികവുമായ അതിക്രമം, ഇലക്ട്രിക് ഷോക്ക്, അന്യായമായ അറസ്റ്റുകള്‍ എന്നിവ നേരിടേണ്ടി വരുന്നു. ചില സന്ദര്‍ഭങ്ങളില്‍, പെണ്‍കുട്ടികളെ സമ്മതമില്ലാതെ ബലമായി വിവാഹം കഴിപ്പിക്കുന്നതും, ഭര്‍ത്താവിന്റെ ഹിംസയെ നേരിടേണ്ടി വരുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇറാന്റെ മതാധിഷ്ഠിത ഭരണവ്യവസ്ഥ, മതനിന്ദ, മതപരിവര്‍ത്തനം, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനം എന്നിവയ്ക്ക് കാരണമാകുന്നതായാണ് റിപ്പോര്‍ട്ട്. മതനിന്ദ ആരോപിക്കപ്പെടുന്നവര്‍ക്ക് മരണശിക്ഷ ഉള്‍പ്പെടെയുള്ള കനത്ത ശിക്ഷകള്‍ നേരിടേണ്ടി വരുന്നു. ബഹായി, ക്രിസ്ത്യന്‍, സുന്നി മുസ്ലിം തുടങ്ങിയ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവേചനവും, അറസ്റ്റുകളും, ജയില്‍ ശിക്ഷകളും പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അന്താരാഷ്ട്ര സമൂഹം, ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാറുണ്ടെങ്കിലും ആ രാജ്യത്തെ നിയമവ്യവവസ്ഥ അത് അംഗീകരിക്കാറില്ല. യുഎന്‍, ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ സംഘടനകള്‍, ഈ വിഷയത്തില്‍ തുടര്‍ച്ചയായി ശബ്ദമുയര്‍ത്തുന്നുണ്ട്. ഇറാനലെ നവതലമുറയില്‍ ഭൂരിപക്ഷവും മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരാണെങ്കിലും ഭരണകൂടത്തിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ ഭയക്കുകയാണ്.