'നിനക്കായി ഞാന്‍ എന്റെ ഭാര്യയെ കൊന്നു'; പേയ്‌മെന്റ് ആപ്പിലൂടെ കാമുകിയ്ക്ക് സന്ദേശമയച്ച് ഭര്‍ത്താവ്, വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ കൂടുതല്‍ തെളിവുകള്‍

03:15 PM Nov 04, 2025 | Kavya Ramachandran

ബെംഗളൂരു: ബെംഗളൂരുവില്‍ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ ഡോക്ടറായ ഭര്‍ത്താവിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഡെര്‍മറ്റോളജിസ്റ്റായിരുന്ന ഡോ. കൃതിക റെഡ്ഡിയുടെ കൊലപാതകത്തിലാണ് ഭര്‍ത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിക്കെതിരായ കൂടുതല്‍ തെളിവുകള്‍ പോലീസ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ മഹേന്ദ്ര റെഡ്ഡി കാമുകിയ്ക്ക് സന്ദേശമയച്ചതായും ഇതിന്റെ തെളിവുകള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു.

'നിനക്കായി ഞാന്‍ എന്റെ ഭാര്യയെ കൊന്നു' എന്നായിരുന്നു കൃത്യം നടത്തിയശേഷം മഹേന്ദ്ര റെഡ്ഡി കാമുകിയ്ക്ക് അയച്ചസന്ദേശം. മൊബൈല്‍ ഫോണിലെ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനിലൂടെയാണ് പ്രതി സന്ദേശമയച്ചിരുന്നതെന്നും മൊബൈല്‍ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ഇത് കണ്ടെടുത്തതെന്നും പോലീസ് പറഞ്ഞു. കേസില്‍ മഹേന്ദ്ര റെഡ്ഡിയുടെ കാമുകിയെയും പോലീസ് ചോദ്യംചെയ്തിരുന്നു. ഇവരുടെ മൊഴിയും രേഖപ്പെടുത്തി. അതേസമയം, ഇവരുടെ മറ്റു വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

അമിതമായ അളവില്‍ അനസ്തേഷ്യയ്ക്കുള്ള മരുന്ന് കുത്തിവെച്ചാണ് ഭര്‍ത്താവ് കൃതികയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മെഡിക്കല്‍രംഗത്തെ വൈദഗ്ധ്യം ഉപയോഗിച്ച് സംഭവം സ്വാഭാവികമരണമായി വരുത്തിതീര്‍ക്കാനാണ് പ്രതി ശ്രമിച്ചതെന്നും പോലീസ് പറഞ്ഞിരുന്നു. കൃതികയുടെ മരണം നടന്ന് ആറുമാസത്തിന് ശേഷമാണ് ഭര്‍ത്താവ് കേസില്‍ അറസ്റ്റിലായത്.

Trending :

കഴിഞ്ഞ ഏപ്രില്‍ 21-നായിരുന്നു കൃതിക ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. വീട്ടില്‍വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും തുടര്‍ന്ന് ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചെന്നുമായിരുന്നു ഡോ. മഹേന്ദ്ര റെഡ്ഡിയുടെ മൊഴി. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കൃതികയുടെ മരണം സംഭവിച്ചിരുന്നു.

സംഭവത്തില്‍ അസ്വാഭാവികമരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്. തുടര്‍ന്ന് ഡോക്ടര്‍ ദമ്പതിമാരുടെ വീട്ടില്‍ ഫൊറന്‍സിക് സംഘത്തിന്റെ സഹായത്തോടെ വിശദമായ പരിശോധന നടത്തി. സംശയാസ്പദമായ സാഹചര്യത്തില്‍ കാന്യുല സെറ്റും ഇന്‍ജക്ഷന്‍ സെറ്റും മറ്റുചില മെഡിക്കല്‍ ഉപകരണങ്ങളും പരിശോധനയില്‍ കണ്ടെടുത്തു. ഇതിനിടെ വനിതാ ഡോക്ടറുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയച്ചു. ഈ പരിശോധനയിലാണ് ശരീരത്തില്‍ അനസ്തേഷ്യയായി നല്‍കുന്ന മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. രാസപരിശോധനയില്‍ നിര്‍ണായകവിവരം ലഭിച്ചതോടെ മരുമകനെ സംശയമുണ്ടെന്ന് ആരോപിച്ച് കൃതികയുടെ പിതാവ് പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണിപ്പാലില്‍നിന്ന് മഹേന്ദ്ര റെഡ്ഡിയെ കസ്റ്റഡിയിലെടുത്തത്.

മരിച്ച കൃതിക റെഡ്ഡി ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റായിരുന്നു. ഭര്‍ത്താവ് മഹേന്ദ്ര റെഡ്ഡി ഇതേ ആശുപത്രിയില്‍ ജനറല്‍ സര്‍ജനായും ജോലിചെയ്തുവരികയായിരുന്നു. 2024 മേയ് 26-നായിരുന്നു ഇരുവരുടെയും വിവാഹം.