മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരില്‍ 25കാരനായ ഭര്‍ത്താവിനെ 17കാരിയായ ഭാര്യയും കാമുകന്റെ സഹായികളും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാമുകനെ വീഡിയോ കോളിലൂടെ കാണിച്ചു. ഗോള്‍ഡന്‍ പാണ്ഡെ എന്നറിയപ്പെടുന്ന രാഹുലാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്‍ഡോര്‍-ഇച്ചാപൂര്‍ ഹൈവേയിലെ ഐടിഐ കോളേജിന് സമീപമാണ് സംഭവം. കൊലയാളികള്‍ പൊട്ടിയ ബിയര്‍ കുപ്പി ഉപയോഗിച്ച് 36 തവണ രാഹുലിന്റെ ശരീരത്തില്‍ കുത്തിയിറക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നാല് മാസം മുമ്പാണ് രാഹുലും 17കാരിയും വിവാഹിതരാവുന്നത്. കൊലപാതകം നടന്ന ദിവസം ഇരുവരും ഷോപ്പിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യാത്രമധ്യേ തന്റെ ചെരിപ്പുകള്‍ താഴെ വീണെന്ന് പറഞ്ഞ പെണ്‍കുട്ടി, ബൈക്ക് നിര്‍ത്താന്‍ രാഹുലിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ബൈക്ക് നിര്‍ത്തിയപ്പോള്‍ തന്നെ പെണ്‍കുട്ടിയുടെ കാമുകനായ യുവരാജിന്റെ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് രാഹുലിനെ തടഞ്ഞുനിര്‍ത്തി. പ്രതികള്‍ യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് പൊട്ടിയ ബിയര്‍ കുപ്പി ഉപയോഗിച്ച് 36 തവണ കുത്തി. രാഹുല്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ബുര്‍ഹാന്‍പൂര്‍ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര പട്ടീദാര്‍ പറഞ്ഞു.
കൊലപാതകത്തിന് ശേഷം കാമുകനെ മൃതദേഹം കാണിക്കുന്നതിനായി പെണ്‍കുട്ടി കാമുകന്‍ യുവരാജിനെ വീഡിയോ കോളില്‍ വിളിച്ചു. ശേഷം മൃതദേഹം അടുത്തുള്ള ഒരു വയലില്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന് ശേഷം പെണ്‍കുട്ടിയെ കാണാതായതോടെയാണ് പൊലീസിന് സംശയം തോന്നിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 17കാരിയായ പെണ്‍കുട്ടി, അവളുടെ കാമുകന്‍ യുവരാജ്, പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹായികള്‍ എന്നിങ്ങനെ നാല് പ്രതികളെയും പൊലീസ് പിടികൂടി. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്