ഇലക്ട്രിക് എസ്‌യുവികളുടെ ഹൈബ്രിഡ് വകഭേദം പുറത്തിറക്കും

05:01 PM Jun 17, 2025 | Rajani kannur

അടുത്തിടെ വാഹനപ്രേമികളെ അമ്പരപ്പിച്ചുകൊണ്ട് പുറത്തിറങ്ങിയ രണ്ട് മഹീന്ദ്ര മോഡലുകളാണ് എക്‌സ്ഇവി 9ഇയും ബിഇ 6ഉം. വലിയ തോതില്‍ സ്വീകാര്യത നേടിയ ഈ ഇലക്ട്രിക് എസ്‌യുവികള്‍ക്ക് ഹൈബ്രിഡ് വകഭേദം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് മഹീന്ദ്ര. 

ഇലക്ട്രിക്ക് കാറുകള്‍ക്ക് വേണ്ടി പ്രത്യേകമായുള്ള മഹീന്ദ്രയുടെ ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോമിലാണ് എക്‌സ്ഇവി 9ഇയും ബിഇ 6ഉം മഹീന്ദ്ര നിര്‍മിച്ചെടുത്തിരിക്കുന്നത്. വൈദ്യുത കാറുകളുടെ പ്രചാരം ക്രമാനുഗതമായി വര്‍ധിക്കുന്നുണ്ടെങ്കിലും ഹൈബ്രിഡ് മോഡലുകള്‍ കൂടി എത്തിയാല്‍ അത് വില്‍പനയുടെ വേഗത കൂട്ടുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

 തങ്ങളുടെ വിഭാഗങ്ങളില്‍ മികച്ച പ്രകടനം തുടരുന്നവയാണ് എക്‌സ്ഇവി 9ഇയും ബിഇ 6ഉം.ഈ രണ്ട് മോഡലുകളിലും പാക്ക് വണ്‍, പാക്ക് വണ്‍ എബൗ, പാക്ക് ടു, പാക്ക് ത്രീ സെലക്ട്, പാക്ക് ത്രീ എന്നിങ്ങനെ അഞ്ച് വകഭേദങ്ങളാണ് മഹീന്ദ്ര നല്‍കിയിട്ടുള്ളത്. പാക്ക് വണ്‍ മുതല്‍ പാക്ക് ത്രീ സെലക്ട് വരെയുള്ള വകഭേദങ്ങളില്‍ 59 കിലോവാട്ടിന്റേയും പാക്ക് ത്രീയില്‍ 79 കിലോവാട്ടിന്റേയും ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. 

ഏറ്റവും ഉയര്‍ന്ന വകഭേദമായ പാക്ക് ത്രീയുടെ ബിഇ 6ന് 26.90 ലക്ഷം മുതല്‍ 30.50 ലക്ഷം രൂപ വരെയാണ് വില. ഉയര്‍ന്ന വകഭേദം മാര്‍ച്ച് പകുതി മുതല്‍ മഹീന്ദ്ര വിപണിയിലെത്തിക്കുന്നുണ്ട്. പാക്ക് ത്രീ ഒഴികെയുള്ള ബിഇ 6 മോഡലുകള്‍ക്ക് 18.90 ലക്ഷം മുതല്‍ 24.50 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. എക്‌സ്ഇവി 9ഇയിലേക്കുവന്നാല്‍ 21.90 ലക്ഷം മുതല്‍ 27.90 ലക്ഷം രൂപവരെയായി വില ഉയരും.