'എംഎല്‍എ പദവിയില്‍ വല്ലാതെ അഭിരമിക്കുന്നു, ഇത് നമ്മുടെ സംസ്‌കാരമല്ല'; ജനീഷ് കുമാറിനെതിരെ ജി സുധാകരന്‍

07:55 AM May 15, 2025 | Suchithra Sivadas

വനംവകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആക്ഷേപത്തില്‍ ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. ഇടത് സര്‍ക്കാരില്‍ നിന്നും ജനം അഹങ്കാരം പ്രതീക്ഷിക്കുന്നില്ലെന്നും നക്സലിസം തങ്ങള്‍ അംഗീകരിക്കുന്നതാണോയെന്നും ജി സുധാകരന്‍ ചോദിച്ചു. എന്‍ജിഒ യൂണിയന്‍ പൂര്‍വകാല നേതൃസംഗമത്തിലായിരുന്നു പരസ്യവിമര്‍ശനം.

'ഒരു എംഎല്‍എ സര്‍ക്കാര്‍ ഓഫീസില്‍ കയറി കാണിച്ചത് കണ്ടില്ലേ. നക്സല്‍ വരുമെന്നാണ് ഭീഷണി. നക്സലിസം നമ്മള്‍ അംഗീകരിക്കുന്നതാണോ? എംഎല്‍എ പദവിയില്‍ വല്ലാതെ അഭിരമിക്കുന്നു. ഇത് പ്രമാണിമാരുടെ സംസ്‌കാരമാണ്. നമ്മുടെ സംസ്‌കാരമല്ല. ആ എംഎല്‍എ പഠിച്ചത് നമ്മുടെ പുസ്തകമല്ല. എന്നാല്‍ നില്‍ക്കുന്നത് നമ്മുടെ കൂടെ', എന്നാണ് ജി സുധാകരന്‍ പറഞ്ഞത്.

ശനിയാഴ്ച കുളത്തുമണ്ണില്‍ സ്വകാര്യത്തോട്ടത്തില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ ചോദ്യം ചെയ്യുന്നതിനായി വനംവകുപ്പ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ കസ്റ്റഡി നിയമപരമല്ലെന്ന് എംഎല്‍എ ആരോപിക്കുകയും ഇയാളെ മോചിപ്പിക്കുകയുമായിരുന്നു. നക്സലുകള്‍ വീണ്ടുവരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎല്‍എ ഉദ്യോഗസ്ഥരോട് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തിയിരുന്നു. തല പോയാലും താന്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് നയിക്കുമെന്നായിരുന്നു എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്.