'ആര്‍എസ്എസിന്റെ കൊടി കാണാന്‍ നല്ല ചേലുള്ളതെന്ന് വിചാരിക്കും, കോണകം പോലുള്ള കൊടിയാണത്'; എം വി ജയരാജന്‍

08:11 AM Aug 13, 2025 | Suchithra Sivadas

ആര്‍എസ്എസിനേയും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറേയും വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജന്‍. ആര്‍എസ്എസിന്റെ ശാഖ മുതല്‍ പ്രവര്‍ത്തിച്ച ആളാണ് കേരളത്തിലെ ഗവര്‍ണറെന്ന് അദ്ദേഹം പറഞ്ഞു.
രാജ്ഭവനിലും ഗവര്‍ണര്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ചിത്രമുണ്ട്. ആര്‍എസ്എസ് പതാക ഏന്തിയ ഒരു സ്ത്രീ. അതിന് അവര്‍ പേരിട്ട് വിളിക്കുന്നു ഭാരതാംബ. ആര്‍എസ്എസിന്റെ കൊടിയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിചാരിക്കും കാണാന്‍ നല്ല ചേലുള്ള കൊടിയാണെന്ന്, കോണകം പോലുള്ള കൊടിയാണത് എന്നായിരുന്നു ജയരാജന്റെ പ്രതികരണം. അങ്ങനെയുള്ള ഒരു കൊടി ഒരു സ്ത്രീയുടെ കയ്യില്‍ കൊടുത്ത് ഇതാണ് ഭാരതാംബ എന്നു പറഞ്ഞാല്‍ ആരെങ്കിലും അംഗീകരിക്കുമോ. അതൊരു വിശ്വാസത്തിന്റെ ഭാഗമാണോ എന്നും അദ്ദേഹം ചോദിച്ചു.

സി സദാനന്ദന്‍ എംപിയെ വധിക്കാന്‍ശ്രമിച്ച കേസില്‍ സിപിഐഎം പ്രവര്‍ത്തകരെ ജയിലിലടച്ച സംഭവത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു ജയരാജന്റെ പ്രതികരണം.