മിനിമം ബാലൻസ് 50,000 രൂപയാക്കി ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്

02:31 PM Aug 09, 2025 | Renjini kannur

ഡല്‍ഹി: മിനിമം ബാലന്‍സ് കുത്തനെ ഉയർത്തി  സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്.ഈ മാസം മുതല്‍ മെട്രോ, നഗര പ്രദേശങ്ങളില്‍ ആരംഭിച്ച എല്ലാ അക്കൗണ്ടുകളുടെയും മിനിമം ബാലൻസ് (മന്ത്‌ലി ആവറേജ് ബാലന്‍സ്) 10,000 രൂപയില്‍ നിന്ന് 50,000 രൂപയായി വർദ്ധിപ്പിച്ചു.

ഐസിഐസിഐ ബാങ്കിന്റെ എല്ലാ പ്രദേശങ്ങളിലെ അക്കൗണ്ടുകളുടെയും മിനിമം ബാലൻസ് ഉയർത്തിയിട്ടുണ്ട്. അർദ്ധ നഗര ശാഖകള്‍ക്ക്, 5,000 രൂപയില്‍ നിന്ന് 25,000 രൂപയായും ഗ്രാമീണ ശാഖകള്‍ക്ക് 2,500 രൂപയില്‍ നിന്ന് 10,000 രൂപയായും മിനിമം ബാലൻസ് വർദ്ധിപ്പിച്ചിട്ടുണ്ട്.

ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിലനിർത്തേണ്ട ഏറ്റവും കുറഞ്ഞ ബാലൻസാണ് പ്രതിമാസ ശരാശരി ബാലൻസ് (MAB). ബാലൻസ് നിശ്ചിത തുകയില്‍ താഴെയാണെങ്കില്‍, ബാങ്കുകള്‍ പിഴ ഈടാക്കാം. മിനിമം ബാലൻസ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍, കുറവായ തുകയുടെ ആറു ശതമാനമോ 500 രൂപയോ ഏതാണോ കുറവ് അത് പിഴയായി ഈടാക്കുമെന്നാണ് ഐസിഐസിഐ ബാങ്ക് അറിയിച്ചിരിക്കുന്നത്.