സ്വന്തം ഭാര്യയുടെ പേര് ഐഡന്റിയായി സൂക്ഷിക്കുന്ന അഭിമാനകരമായ മനസ്സ് ; രഞ്ജിത്തിന്റെ ഒരൊന്നൊന്നര ചിരിക്കും പെരുമാറ്റത്തിനും നൂറു പവൻ - ജോളി ജോസഫ്

03:25 PM May 22, 2025 | Kavya Ramachandran

നിർമാതാവും സംവിധായകനുമായ  രജപുത്ര രഞ്ജിത്ത് എന്ന ഞങ്ങളുടെ സ്വന്തം ചിപ്പി രഞ്ജിത്തിനെ ഏറെയിഷ്ടമെന്ന് നിർമാതാവ്  ജോളി ജോസഫ് , അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് പ്രൊഡ്യൂസർ എന്ന ഇന്നത്തെ പരിവേഷത്തോടല്ല. മറിച്ച്  താൻ കൂടി അംഗമായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തലപ്പത്തുണ്ടായിരുന്ന സുരേഷേട്ടൻ (മേനക സുരേഷ്‌കുമാർ ) പോലെ സ്വന്തം ഭാര്യയുടെ പേര് ഐഡന്റിയായി സൂക്ഷിക്കുന്ന അഭിമാനകരമായ മനസ്സിനോടാണ് ഇഷ്ടമെന്നും  ജോളി ജോസഫ് പറഞ്ഞു . 

സിനിമാ ലോകത്തെ കാർന്നവന്മാരോടും ഉദയസൂര്യന്മാരോടും അങ്കച്ചേകവന്മാരോടും കൊമ്പന്മാരോടും അകന്നവരോടും നിലാവിൽ കളിക്കുന്ന ചന്ദ്രന്മാരോടും അസമയത്തെ താമരകളോടും ഇന്നലെ മുളച്ച തകരകളോടും ഒരേ രീതി ‘ഞാനൊന്നുമറിഞ്ഞില്ല, പറയൂ കേൾക്കാം, നമുക്ക് നോക്കാം’ എന്ന ഒരേ സൗമനസ്യ പല്ലവി. രഞ്ജിത്തിന്റെ ഒരൊന്നൊന്നര ചിരിക്കും പെരുമാറ്റത്തിനും നൂറു പവൻ വെറുതെ കൊടുക്കാം.

 പലപ്പോഴും ഭാര്യാബന്ധുക്കളായ ചില കേമൻ മേനോൻമാരുടെ വീടുകളിൽ പോകുമ്പോൾ ഇന്ദു ജോളി എന്ന് ഞാൻ സ്വയം പരിചയപ്പെടുത്താറുണ്ട്, ഇന്ദുമേനോന് പുടവ കൊടുത്ത മേനോനല്ലാത്ത വെറും ജോളിയാണ് എന്നർഥം, വെറുതെ ഒരു തിരിച്ചറിയപെടലിനാണ്. പക്ഷേ കൂടെ ജോലിചെയ്യുന്നവരെ കൊണ്ടുനടക്കുന്ന കച്ചോടമറിയുന്ന ചിപ്പി രഞ്ജിത്ത്, അതൊരു ഐറ്റം വേറെയാണ് സാറെ. !


ഒരുദാഹരണത്തിന് ജോഷി സാറിന്റെ 20 -20 എന്ന സങ്കീർണമായ സിനിമയുടെ പിന്നാമ്പുറത്ത് രഞ്ജിത് ഇല്ലായിരുന്നില്ലെങ്കിൽ പ്രശ്നങ്ങൾ ഏറെയായിരുന്നേനെ രൂക്ഷമായിരുന്നേനെ, പലരും പറഞ്ഞ് കേട്ടറിഞ്ഞതാണ്, സത്യമായിരിക്കാനാണ് സാധ്യത.  പലപ്പോഴും ഫോണിൽ കൂടി ബന്ധപ്പെടുമെങ്കിലും ഞാനും രഞ്ജിത്തും നേരിൽ കാണുന്നതേ കുറവാണ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മീറ്റിങിൽ കണ്ടാലായി.. അദ്ദേഹത്തിന്റെ പാനലിനെതിരെ മത്സരിച്ച് ഗംഭീരമായി തോറ്റ എനിക്ക് വേറൊരു പ്രൊഡ്യൂസറുമായി പ്രശ്നമുണ്ടായപ്പോൾ അസോസിയേഷനെ സമീപിച്ചപ്പോൾ രഞ്ജിത്ത്  ആണ് എല്ലാം സെറ്റാക്കി തന്നത്.

‘തുടരും’ എന്ന അതിഗംഭീര സിനിമയുമായി എനിക്കും നേരിട്ട് ബന്ധമുണ്ട്, ആ സിനിമയുടെ പല ടെക്‌നിഷ്യൻസും എറണാകുളത്തുള്ള എന്റെ ഹോട്ടലുകളായ ട്രൈസ്റ്റാർ റസിഡൻസി കുണ്ടന്നൂർ, ട്രൈസ്റ്റാർ റീജൻസി  കടവന്ത്ര എന്നിവിടങ്ങളിലാണ് താമസിച്ചത്. കടംപറയാതെ കിറു കൃത്യമായി നികുതിയുൾപ്പടെ രഞ്ജിത്ത് പണം തന്നു എന്നുകൂടി സന്തോഷപൂർവം അറിയിക്കുന്നതോടൊപ്പം എന്റെ ഹോട്ടലുകളിൽ താമസിച്ച് സിനിമയെടുത്താൽ പടം ഹിറ്റാകും എന്നൊരു ലൈൻ  കൂടി ചേർത്ത് എഴുതിക്കോട്ടെ! ഹിറ്റായ സിനിമകളുടെ എണ്ണം നോക്കിക്കോളൂ, വിശ്വാസം തനിയെ പടികടന്ന് വരും തീർച്ച.    

‘തുടരും’ റിലീസായ 25 ഏപ്രിൽ വെള്ളിയാഴ്ച രാവിലെ 5:48ന് ഞാൻ രഞ്ജിത്തിന് ഒരു വാട്സ്ആപ് മെസ്സേജ് അയച്ചിരുന്നു, ‘‘പ്രിയപ്പെട്ട ചെങ്ങായ്‌,  ഇന്ന് ചരിത്രം വഴിമാറും, നിങ്ങളുടേതും! നിങ്ങളുടെ കുറച്ച് ടെക്‌നീഷ്യൻസിനെ എന്റെ ഹോട്ടലിൽ പാർപ്പിച്ചതിനാൽ ഞാനും ആ ചരിത്രത്തിന്റെ ഭാഗമാകുന്നു...അഭിമാനം! എല്ലാം നന്നാവട്ടെ, നന്മയുള്ളതാകട്ടെ. ഭാവുകങ്ങളോടെ, സസ്നേഹം ജോളി ജോസഫ്. 6:09ന് രഞ്ജിത്തിന്റെ കൃത്യമായ മറുപടിയും വന്നു. പിന്നീട് ചരിത്രം! ജോളി പറയുന്നു .