ഇടുക്കിയില്‍ നാലംഗ കുടുംബത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; കടബാധ്യത മൂലമുള്ള ആത്മഹത്യയെന്ന് പൊലീസ്

05:20 AM Apr 11, 2025 | Suchithra Sivadas

ഇടുക്കി ഉപ്പുതറയില്‍ നാലംഗ കുടുംബത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കടബാധ്യതയെന്ന് പൊലീസ്. ഉപ്പുതറ ഒന്‍പതേക്കര്‍ എം.സി കവലയ്ക്കു സമീപം പട്ടത്തമ്പലം സജീവ് മോഹനന്‍(36), ഭാര്യ രേഷ്മ(25), മക്കളായ ദേവന്‍(5), ദിയ(4) എന്നിവരാണ് മരിച്ചത്. 
വൈകിട്ട് നാലരയോടെ അമ്മ സുലോചന വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. മുട്ടിവിളിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ അയല്‍വാസിയെ വിളിച്ചുവരുത്തി. 

സംശയം തോന്നിയതോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് നാലുപേരെയും ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത് കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓട്ടോറിക്ഷ വാങ്ങിയ വായ്പയുമായി ബന്ധപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സമ്മര്‍ദം ഉണ്ടായിരുന്നുവെന്ന് മരിച്ച സജീവിന്റെ അച്ഛന്‍ പറഞ്ഞു. കട്ടപ്പന ധനകാര്യ സ്ഥാപനമാണ് മരണത്തിന് ഉത്തരവാദിയെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.