ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തൻപുരയ്ക്കൽ ഷക്കീർ ഹുസൈനാണ് (36) മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഏലപ്പാറ ടൗണിന് സമീപം വാഗമൺ റോഡിൽ ബിവറേജസ് ഔട്‌ലറ്റിന് സമീപത്തെ റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പീരുമേട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഏലപ്പാറയിൽ മത്സ്യവാപാരം നടത്തിവന്നിരുന്ന ആളാണ് ഷക്കീർ ഹുസൈൻ. ഇദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ രാത്രിയിൽ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനൊടുവിലാണ് കാറ് കണ്ടെത്തിയത്. കാറിന്റെ പിൻ സീറ്റിൽ ഡോർ തുറന്ന നിലയിലായിരുന്നു മൃതദേഹമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിനുള്ളിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിൽ പീരുമേട് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.