ഇടുക്കി: ഉടുമ്പൻചോല കല്ലുപാലത്തുള്ള ഒരു സ്വകാര്യ ഏലം എസ്റ്റേറ്റിൽ മരം വീണ് തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം. തമിഴ്നാട് തേവാരം സ്വദേശിനിയായ 60 വയസ്സുകാരി ലീലാവതിയാണ് ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്. മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ഉടുമ്പൻചോല പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
തമിഴ്നാട്ടിൽ നിന്ന് ദിവസവും ജോലിക്കായി കേരളത്തിലേക്ക് വന്നുപോയിരുന്ന തൊഴിലാളി സംഘത്തിലെ ഒരംഗമായിരുന്നു ലീലാവതി. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ എസ്റ്റേറ്റിൽ നിന്നിരുന്ന ഉണക്ക മരം കടപുഴകി തൊഴിലാളി സംഘത്തിന് നേരെ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടിമാറിയെങ്കിലും മരം ലീലാവതിയുടെ ദേഹത്ത് പതിച്ചു. ഉടൻതന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.