പുതിയ ഥാര്‍ വാങ്ങിയ ശേഷം പൂജ നടത്തി നാരങ്ങക്ക് മേല്‍ ആദ്യം ചക്രം കയറ്റുന്ന ചടങ്ങിനിടെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് പതിക്കുന്ന വീഡിയോ രാജ്യമാകെ വൈറലായിരുന്നു. എന്നാല്‍, താന്‍ മരിച്ചു എന്നുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് അപകടത്തില്‍പ്പെട്ട യുവതി മാണി പവാര്‍ പറയുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അവര്‍ പറഞ്ഞു. ദില്ലിയിലെ ഒരു ഷോറൂമില്‍ വെച്ച് കാര്‍ റോഡിലിറക്കുന്നതിന് മുന്‍പുള്ള ഒരു ചടങ്ങ് നടത്തുന്നതിനിടെയാണ് 29കാരിയായ മാണി പവാറിന് അപകടം സംഭവിച്ചത്. ഥാര്‍ വാങ്ങിയ ശേഷം പൂജ നടത്തി നാരങ്ങക്ക് മേല്‍ ആദ്യം ചക്രം കയറ്റുന്ന ചടങ്ങായിരുന്നു അത്. എന്നാല്‍, അബദ്ധത്തില്‍ ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തുകയും 27 ലക്ഷം രൂപ വിലമതിക്കുന്ന വാഹനം ഷോറൂമിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് പതിക്കുകയും ചെയ്തു.
'വ്യാജ വാര്‍ത്തകള്‍ക്കെതിരെയാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. കാഴ്ചകളും ലൈക്കുകളും നേടാന്‍ ചിലര്‍ വ്യാജ വീഡിയോകള്‍ പുറത്തുവിട്ടു. അപകടത്തില്‍പ്പെട്ട സ്ത്രീക്ക് ഒടിവുകളും മൂക്കിന് പരിക്കും ഉണ്ടായെന്ന് അവര്‍ പറഞ്ഞു. കൂടാതെ, യുവതി മരിച്ചുവെന്നും അവര്‍ പറഞ്ഞു. ഇതെല്ലാം വ്യാജ വീഡിയോകളാണ്,' ഗാസിയാബാദ് സ്വദേശിയായ മാണി പവാര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പറഞ്ഞു.
കിഴക്കന്‍ ദില്ലിയിലെ നിര്‍മാണ്‍ വിഹാറിലുള്ള ഷോറൂമില്‍ നടന്ന സംഭവത്തെക്കുറിച്ച് അവര്‍ വിശദീകരിച്ചു. അപകടം നടന്ന സമയത്ത് താനും കുടുംബവും ഒരു സെയില്‍സ്മാനും കാറിനുള്ളില്‍ ഉണ്ടായിരുന്നു. കാറിന്റെ ആര്‍പിഎം കൂടുതലായിരുന്നു. സെയില്‍സ്മാന്‍ ഇത് ഞങ്ങളോട് പറഞ്ഞിരുന്നു. കാര്‍ പെട്ടെന്ന് വേഗത്തിലാകുകയും താഴേക്ക് പതിക്കുകയും തലകീഴായി മറിയുകയും ചെയ്തുവെന്ന് അവര്‍ പറഞ്ഞു. കാര്‍ താഴെ വീണതിന് ശേഷം ഞങ്ങള്‍ മൂന്നുപേരും മുന്‍വാതിലിലൂടെ പുറത്തിറങ്ങി. ഞങ്ങള്‍ക്ക് ആര്‍ക്കും പരിക്കേറ്റില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.