ലഹരിമരുന്നു കേസില്‍ തടവും പിഴയും നാടുകടത്തലും ; നിയമം ഭേദഗതി ചെയ്ത് യുഎഇ

12:35 PM Dec 12, 2025 | Suchithra Sivadas

ലഹരിമരുന്ന് കേസില്‍ തടവും പിഴയും നാടുകടത്തലും ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്ത് യുഎഇ. കുറ്റക്കാര്‍ക്ക് കുറഞ്ഞത് അഞ്ചു വര്‍ഷം തടവും അമ്പതിനായിരം ദിര്‍ഹം പിഴയും നാടുകടത്തലും ഉള്‍പ്പെടെ കടുത്ത ശിക്ഷ ലഭിക്കും.


പൊതു ജന സംരക്ഷണം ശക്തിപ്പെടുത്താനും നീതി ഉറപ്പാക്കാനും ലഹരി നിര്‍മാര്‍ജനവും ലക്ഷ്യമിട്ടാണ് നിയമ ഭദേഗതി. ലഹരി കേസില്‍ ശിക്ഷിക്കപ്പെടുന്ന വിദേശ പൗരന്മാരെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തും.
കുറ്റകൃത്യം നടന്ന സമയത്ത് പ്രതി യുഎഇ പൗരന്റെ ജീവിത പങ്കാളിയോ മാതാവ്, മകന്‍ ,മകള്‍ തുടങ്ങി അടുത്ത ബന്ധുവോ ആണെങ്കിലും നാടുകടത്തല്‍ കുടുംബജീവിതത്തെ തകര്‍ക്കുകയോ ആശ്രിതര്‍ക്കു ഗുരുതര നഷ്ടം വരുത്തുകയോ ചെയ്യുന്ന സാഹചര്യത്തിലും കോടതി മുഖേന ഇളവു നേടാം. 
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയോ പരിധിയില്‍ കൂടുതല്‍ അളവിലോ ലഹരി വിതരണം ചെയ്യുന്നവര്‍ക്കും അഞ്ചു വര്‍ഷം തടവും അമ്പതിനായിരം ദിര്‍ഹം പിഴയും ശിക്ഷയുണ്ടാകും. അനധികൃതമായി ലഹരിമരുന്ന് കൈവശം വയ്ക്കല്‍, വിതരണം ചെയ്യല്‍, വില്‍പ്പന നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കും ശിക്ഷ വര്‍ധിപ്പിച്ചു.