
പുറത്തൂർ: സ്വാതന്ത്ര്യദിനത്തിൽ സ്കൂൾ അസംബ്ലിയിൽ ദേശഭക്തിഗാനമായി ആർഎസ്എസിന്റെ ഗീതം ആലപിച്ചത് വിവാദമായി.ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളി(കെഎച്ച്എംഎച്ച്എസ്എസ്)ലെ കുട്ടികൾ ഓഗസ്റ്റ് 15ന് സ്കൂൾ അസംബ്ലിയിലാണ് ഗാനം ആലപിച്ചത്.ആർഎസ്എസ് ശാഖകളിൽ പാടുന്ന ഗണഗീതത്തിൽ ഉൾപ്പെടുന്ന ‘പരമപവിത്രമതാമീ മണ്ണിൽ’ എന്നു തുടങ്ങുന്ന ഗാനമാണ് ആറു പെൺകുട്ടികൾചേർന്ന് പാടിയത്.
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. സ്കൂൾ അധികൃതർ ഡിഡിഇയ്ക്ക് നൽകിയ വിശദീകരണത്തിൽ ഗാന്ധിദർശൻ ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകന് ശ്രദ്ധക്കുറവ് സംഭവിച്ചിട്ടുണ്ടെന്ന പരാമർശമുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിശദീകരണം ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽനിന്നുതന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച ആർഎസ്എസുമായി ബന്ധപ്പെട്ട ഒരു ഫെയ്സ്ബുക്ക് പേജിൽ ഇത് ചേർത്തതോടെയാണ് വിവാദമായത്.സാമൂഹികമാധ്യമങ്ങളിൽ സംഗതി വിവാദമായതോടെ ചൊവ്വാഴ്ച ഡിവൈഎഫ്ഐ, മുസ്‍ലിംലീഗ്, കോൺഗ്രസ്, എസ്ഡിപിഐ പ്രവർത്തകർ സ്കൂളിലെത്തി പ്രതിഷേധിച്ചു.
ആർഎസ്എസ് ഗീതം പ്രത്യേക അജൻഡയുടെ ഭാഗമായാണ് സ്കൂളിൽ അവതരിപ്പിച്ചതെന്നും കുറ്റക്കാരുടെ പേരിൽ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങൾക്കിടെ പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും ഉപരോധിച്ചു. അന്വേഷിക്കാമെന്ന ഉറപ്പിന്മേലാണ് സമരക്കാർ പിരിഞ്ഞത്.ഗാനം കുട്ടികൾ തനിയെ പഠിച്ചതാണെന്നും മത്സരപരിപാടി അല്ലാത്തതുകൊണ്ട് സ്ക്രീനിങ് നടന്നിട്ടില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു. മനഃപൂർവം ഉണ്ടായ സംഭവമല്ല.
സാമൂഹികമാധ്യമങ്ങളിൽ ചർച്ചകൾ വന്നപ്പോഴാണ് സ്കൂൾ അധികൃതർ വിഷയത്തെ ഗൗരവമായി കണ്ടത്. വിവാദത്തെത്തുടർന്ന് സ്കൂളിൽ പ്രത്യേക പിടിഎ യോഗം ചേർന്നു.കൂടുതൽ അന്വേഷണങ്ങൾക്കായി ബുധനാഴ്ച അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്നുള്ള യോഗവും തീരുമാനിച്ചിട്ടുണ്ടെന്ന് പിടിഎ പ്രസിഡന്റ് ഗഫൂർ നെല്ലേപ്പാട്ട്, പ്രിൻസിപ്പൽ സോണിയ സി. വേലായുധൻ, പ്രഥമാധ്യാപിക എം. ബിന്ദു, പിടിഎ വൈസ് പ്രസിഡന്റ് ഷാഫി വാക്കയിൽ എന്നിവർ അറിയിച്ചു.
സംഭവത്തിൽ മലപ്പുറം ഡിഡിഇ പി.വി. റഫീഖ് വിശദീകരണം തേടി. വിശദമായ റിപ്പോർട്ട് ഉടനെ നൽകാൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ഒരു ദുരുദ്ദേശ്യവുമില്ലെന്നും ഗാനം ആർഎസ്എസുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലായതോടെ സ്‌കൂളിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽനിന്ന് പിൻവലിച്ചുവെന്നും കൂടുതൽ അന്വേഷണംനടത്തി ഉചിതമായ നടപടികൾ എടുക്കുമെന്നും പിടിഎ കമ്മിറ്റി അറിയിച്ചു.