+

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് വിജയത്തിനായി നിര്‍ണായക ദിവസം ഇന്ത്യ പന്തില്‍ വാസലിന്‍ പുരട്ടി, പന്ത് ലാബിലേക്ക് അയക്കണം, ഇന്ത്യക്കെതിരെ ആരോപണവുമായി മുന്‍ പാക് താരം

ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പന്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷബ്ബീര്‍ അഹമ്മദ്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പന്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷബ്ബീര്‍ അഹമ്മദ്. 374 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന എതിര്‍ ടീമിനെ 367 റണ്‍സിന് പുറത്താക്കി ഇന്ത്യ ആറ് റണ്‍സിന്റെ ആവേശകരമായ വിജയം നേടിയിരുന്നു.

ഇന്ത്യന്‍ ടീം പന്തില്‍ വാസലിന്‍ ഉപയോഗിച്ചുവെന്നാണ് ഷബ്ബീര്‍ ആരോപിക്കുന്നത്. കളിയില്‍ 80 ഓവറുകള്‍ക്ക് ശേഷവും പന്ത് പുതിയതുപോലെ തിളങ്ങുന്നത് കണ്ടു. ഇന്ത്യ വാസലിന്‍ ഉപയോഗിച്ചതായി ഞാന്‍ കരുതുന്നു. അമ്പയര്‍മാര്‍ ഈ പന്ത് ലാബിലേക്ക് അയച്ച് പരിശോധിക്കണമെന്നും മുന്‍ താരം എക്‌സില്‍ കുറിച്ചു.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ഒരു ഘട്ടത്തില്‍ പ്രതിസന്ധിയിലായിരുന്നു. ഇംഗ്ലണ്ട് 301-3 എന്ന നിലയില്‍ ശക്തമായ മുന്നേറ്റം നടത്തിയപ്പോള്‍, മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തിരിച്ചടിച്ചു. 80 ഓവറുകള്‍ക്ക് ശേഷം പുതിയ പന്ത് എടുക്കാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും, പഴയ പന്ത് അസാധാരണമായി സ്വിംഗ് ചെയ്തതിനാല്‍ ഇന്ത്യ അത് തുടര്‍ന്നു. ഇത് വിജയത്തിലേക്ക് നയിച്ചതോടെയാണ് ഷബ്ബീര്‍ ആരോപണവുമായി എത്തിയിരിക്കുന്നത്.

ഷബ്ബീര്‍ അഹമ്മദിന്റെ ആരോപണം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. പന്ത് ചുരണ്ടല്‍ ആരോപണങ്ങള്‍ ഗുരുതരമായതിനാല്‍, ഐ.സി.സി. ഈ വിഷയത്തില്‍ അന്വേഷണം നടത്തുമോയെന്ന് വ്യക്തമല്ല. ക്രിക്കറ്റ് നിയമങ്ങള്‍ അനുസരിച്ച്, പന്തിന്റെ അവസ്ഥ മാറ്റാന്‍ വാസലിന്‍ പോലുള്ള കൃത്രിമ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.

ക്രിക്കറ്റില്‍ പന്ത് ചുരണ്ടല്‍ വിവാദങ്ങള്‍ പുതിയതല്ല. 1976-77ലെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍, ഇംഗ്ലീഷ് ബൗളര്‍ ജോണ്‍ ലെവര്‍ വാസലിന്‍ ഉപയോഗിച്ച് പന്ത് തിളക്കമുള്ളതാക്കിയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിംഗ് ബേദി ആരോപിച്ചിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ നടപടിയുണ്ടായില്ല. 1994-ല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ അതെര്‍ട്ടണ്‍ മണ്ണ് ഉപയോഗിച്ച് പന്തിന്റെ അവസ്ഥ മാറ്റിയെന്ന ആരോപണവും, 2001-ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ ദക്ഷിണാഫ്രിക്കയില്‍ ഉയര്‍ന്ന ആരോപണവും ശ്രദ്ധേയമാണ്.

രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അഭാവത്തിലും, ഋഷഭ് പന്തിനെ അവസാന ടെസ്റ്റില്‍ നഷ്ടപ്പെട്ടിട്ടും, ഇന്ത്യ 2-2 എന്ന സ്‌കോറില്‍ പരമ്പര സമനിലയില്‍ അവസാനിപ്പിച്ചു. പുതുമുഖ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.

Trending :
facebook twitter