
കോഴിക്കോട്: മുസ്ലീം ലീഗ് നേതാക്കന്മാരും അവരുടെ ബന്ധുക്കളും നടത്തുന്ന ക്രിമിനല്‍, തട്ടിപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച് കെടി ജലീല്‍ എംഎല്‍എ. തട്ടിപ്പുകാരെ തിരിച്ചറിയാനോ അവരെ തടയാനോ പാണക്കാട് തങ്ങള്‍മാര്‍ക്ക് ഒന്നും ചെയ്യാനാകുന്നില്ല. മണിമാളിക പണിതവരെയും, സാമ്പത്തിക അഴിമതി നടത്തുന്നവരെയും, നിഷ്കരുണം നേരിടാന്‍ ലീഗ് നേതൃനിരയിലെ പ്രധാനി എന്ന നിലയില്‍ സാദിഖലി ശിഹാബ് തങ്ങള്‍ തന്റേടം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
സവിനയം പാണക്കാട് തങ്ങന്മാരോട്!
സ്വകാര്യ വിദ്യാഭ്യാസ ട്രസ്റ്റുകളുടെയും പ്രവാസികളെ പറ്റിക്കാന്‍ തട്ടിക്കൂട്ടുന്ന ഓഹരി പിരിച്ചുള്ള ബിസിനസ് സംരഭങ്ങളുടെയും ചെയര്മാന് പദവികള്‍ ഒരുകാരണവശാലും പാണക്കാട്ടെ തങ്ങന്മാര് ഏറ്റെടുക്കരുത്. കൊടപ്പനക്കല്‍ തറവാട്ടിലെ സയ്യിദന്മാരെ മുന്നില്‍ നിര്‍ത്തി ജനങ്ങളില്‍ നിന്ന് ഓഹരി ശേഖരിച്ച് തടിച്ചു കൊഴുക്കുന്ന തട്ടിപ്പുവീരന്മാരുടെ വലയില്‍ പൂക്കോയ തങ്ങളുടെ മക്കളും ചെറുമക്കളും വീണുപോകരുത്.
നിക്ഷേപിച്ച പണം തിരിച്ചു ചോദിക്കാന്‍ ചെന്നാല്‍ കക്ഷികളെ പലതും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പരാതി കൊടുത്താല്‍ തങ്ങന്മാര് സ്റ്റേഷനില്‍ പോകേണ്ടി വരുമെന്നും അത് സമുദായത്തിന് ഉണ്ടാക്കുന്ന ദോഷങ്ങള്‍ വിവരിച്ചും പരാതിക്കാരെ നിരുല്സാഹപ്പെടുത്തുന്ന സംഭവങ്ങള്‍ നിരവധിയാണ്. തങ്ങള്ക്കറിയില്ലേ ഉസ്മാനെ? കാറ്ററിംഗ് എന്നും പറഞ്ഞ് 40 കോടിയോളം രൂപയാണ് പല ലീഗ് പ്രവര്‍ത്തകരില്‍ നിന്നായി അയാള്‍ സ്വരൂപിച്ചത്. ഇപ്പോള്‍ മുതലുമില്ല, ലാഭവുമില്ല. പ്രസ്തുത കാറ്ററിംഗ് സ്ഥാപനത്തിന്റെ ചെയര്മാന് ആരാണ്? മുങ്ങുമെന്ന് ഉറപ്പുള്ള കപ്പലിലേക്കാണ് ഉസ്മാനെ പോലുള്ളവര്‍ ആളുകളെ പിടിച്ചു കയറ്റുന്നത്. കപ്പിത്താന്റെ (ചെയര്‍മാന്റെ) പേരു പറഞ്ഞു കൊണ്ടാണ് ഈ ചതിയെന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. പാവം നിക്ഷേപകരെ പച്ചക്ക് പറ്റിക്കാന്‍ എറിഞ്ഞു കൊടുക്കുന്ന ക്രൂര വിനോദത്തിന് പാണക്കാട് തങ്ങന്മാര് കൂട്ടുനില്‍ക്കരുത്. ലീഗ് നേതാക്കളെ വിശ്വസിച്ച് പല സംരഭങ്ങളിലും ഓഹരി നിക്ഷേപിച്ച സാധുക്കളായ ആയിരക്കണക്കിന് മനുഷ്യരുടെ കണ്ണീരണിഞ്ഞ മുഖം കൊടപ്പനക്കല്‍ തറവാട്ടിലുള്ളവര് കാണാതെ പോകരുത്.
ഒരു തരത്തിലുള്ള വിദ്യാഭ്യാസ കച്ചവടത്തിനും പാണക്കാട്ടെ സയ്യിദന്മാര് നിമിത്തമാകരുത്. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ഇന്നോളം മറ്റുള്ളവരെ സംബന്ധിച്ച പരാതി പറയാനല്ലാതെ ഒരാളും എത്തിയിട്ടില്ല. എന്നാല്‍ തങ്ങന്മാരെ സംബന്ധിച്ച് തന്നെ പരാതി പറയാന്‍ ആ പൂമുഖത്ത് ആളുകള്‍ വരാതിരിക്കാന്‍ വന്ദ്യനായ മുഹമ്മദലി ശിഹാബ് തങ്ങളുടെ കുടുംബവും അനുജ സഹോദരന്മാരും അവരുടെ മക്കളും ശ്രദ്ധിക്കണം. പണക്കാരായ സ്വകാര്യ വ്യക്തികള്‍ രൂപം കൊടുക്കുന്ന വിദ്യാഭ്യാസ ട്രസ്റ്റുകളുടെ നേതൃപദവി ഒരു കാരണവശാലും പാണക്കാട്ടുള്ളവര്‍ ഏറ്റെടുക്കരുത്. അതില്‍ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങള്‍ അവര്‍ വേണ്ടെന്നു വെക്കണം. നാട് നന്നാക്കാനല്ല അവരാരും തങ്ങന്മാരെ മുന്നില്‍ നിര്‍ത്തുന്നത്. അവര്‍ക്ക് ലാഭം കൊയ്യാനുള്ള പരിചയായിട്ടാണ് കൊടപ്പനക്കല്‍ തറവാട്ടിലെ ബഹുമാന്യരായ സയ്യിദന്മാരെ ലാഭക്കൊതിയന്മാര് ഉപയോഗിക്കുന്നത്.
അറഫയില്‍ തടിച്ചു കൂടിയ ലക്ഷക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ അവസാനത്തെ പ്രസംഗത്തില്‍ മുഹമ്മദ് നബി പ്രഖ്യാപിച്ചു: 'ഇന്നേ ദിവസം എന്റെ പിതൃവ്യന് അബ്ബാസിന്റെ പലിശ ഉള്‍പ്പടെ എല്ലാ പലിശകളും റദ്ദാക്കപ്പെട്ടിരിക്കുന്നു'. സമാനമായ ഒരു പ്രഖ്യാപനം സാദിഖലി തങ്ങളും നടത്തണം. പാണക്കാട് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എയ്ഡഡ് ഹയര്‍സെക്കന്ററി സ്കൂളില്‍ ഏറ്റവും ചുരുങ്ങിയത് പ്ലസ് ടു മാനേജ്മെന്റ് ക്വോട്ടയിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിനെങ്കിലും കോഴവാങ്ങില്ലാ എന്നുറക്കെ വിളിച്ചു പറഞ്ഞ് വലിയൊരു വിപ്ലവത്തിന് തുടക്കം കുറിക്കണം. അതില്‍ പരം വലിയ നന്മ മറ്റൊന്നുണ്ടാവില്ല. മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് അതൊരു വലിയ മുന്നറിയിപ്പാകും.
സ്വയം മാതൃകയായി മറ്റുള്ളവരോട് ആ പാത പിന്തുടരാന് ആവശ്യപ്പെട്ടാല്‍ ആരും അതിനോട് പുറം തിരിഞ്ഞു നില്‍ക്കില്ല. സാധാരണ മനുഷ്യരുടെ പണം കീശയിലാക്കാന്‍ ലക്ഷ്യമിട്ട് രൂപം കൊടുക്കുന്ന ട്രസ്റ്റുകളുടെയും കമ്പനികളുടെയും ചെയര്മാന് പദവി ഏറ്റെടുക്കണമെന്ന ഓഫറുമായി ആരും പാണക്കാട്ടേക്ക് വരേണ്ടതില്ലെന്ന് സധൈര്യം നിലപാടെടുക്കുക. സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരായ യുദ്ധം നയിക്കാന്‍ കൊടപ്പനക്കലെ സയ്യിദന്മാര് മുന്നില്‍ നിന്നാല്‍ രക്ഷപ്പെടുന്നത് നിഷ്കളങ്കരായ ഒരുപാട് മനുഷ്യരാകും.
കൂലിയും വേലയും ഇല്ലാതെ നടക്കുന്ന സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ സ്വന്തം സംഘടനയുടെ ഭാരവാഹി സ്ഥാനത്തിരുന്ന് കണ്ണുചിമ്മി തുറക്കുന്ന വേഗതയില്‍ കോടീശ്വരന്മാരാകുന്നത് അന്വേഷിക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ തയ്യാറാവണം. യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായി പറയപ്പെടുന്ന വില്ലാ പൊജക്ടിന്റെ ആദ്യ വില്‍പ്പന കുഞ്ഞാലിക്കുട്ടി സാഹിബാണത്രെ നിര്‍വ്വഹിച്ചത്. ആ പ്രൊജക്ടിന്റെ പേരില്‍ എത്ര ആളുകളാകും പറ്റിക്കപ്പെടുക എന്ന് കാത്തിരുന്ന് കാണാം! ഒരു സാമ്പത്തിക അടിത്തറയുമില്ലാത്ത ഒരാള്‍ ഇത്തരം സംരഭവുമായി ഇറങ്ങുമ്പോള്‍ എവിടെ നിന്നാണ് ഇതിന് പണം എന്നാരായാനുള്ള ബാദ്ധ്യത ഉത്തരവാദപ്പെട്ട നേതാവെന്ന നിലയില്‍ കുഞ്ഞാലിക്കുട്ടി സാഹിബിനില്ലെ? അതു ചോദിച്ചാല്‍ തത്തുല്ല്യമായ ചോദ്യങ്ങള്‍ ഇങ്ങോട്ടും ചോദിക്കും എന്ന ഭയമാണോ അതൊക്കെ അന്വേഷിക്കുന്നതില്‍ നിന്ന് നേതാക്കളെ തടയുന്നത്!
സാമ്പത്തിക തട്ടിപ്പിന് വിധേയരാകുന്ന നല്ലൊരു ശതമാനം മുസ്ലിം സമുദായത്തില്‍ പെടുന്നവരാണെന്ന് കാണാനാകും. അവരെ ചതിക്കുന്നത് ഇതര സമുദായക്കാരല്ല. സ്വന്തം സമുദായത്തിലെ രാഷ്ട്രീയ നേതാക്കളും പ്രമാണിമാരുമാണ്. മയക്കുമരുന്ന് കേസില്‍ പ്രതികളായവരെയും, ആളുകളെ പറ്റിച്ച് കോടികള്‍ മുക്കിയവരെയും, ഫണ്ടുശേഖരണം നടത്തി മോഹസ്ഥലങ്ങള് വാങ്ങി മണിമാളിക പണിതവരെയും, സാമ്പത്തിക അഴിമതി നടത്തുന്നവരെയും, നിഷ്കരുണം നേരിടാന്‍ ലീഗ് നേതൃനിരയിലെ പ്രധാനി എന്ന നിലയില്‍ സാദിഖലി ശിഹാബ് തങ്ങള്‍ തന്റേടം കാണിക്കണം. എന്നാലേ പച്ചക്കൊടി പിടിക്കുന്നവര്‍ക്ക് 'അര്ശിന്റെ തണല്‍' ലഭിക്കൂ.