2023 ലെ ഭൂകമ്പത്തില്‍ തുര്‍ക്കിക്ക് കേരളം സാമ്പത്തിക സഹായം നല്‍കിയതിൽ ശശി തരൂർ നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. പ്രകൃതി ദുരന്തങ്ങളിൽപ്പെട്ടവരെ സഹായിക്കുമ്പോൾ ഇന്ത്യ ശത്രുവോ മിത്രമോ എന്ന് നോക്കാറില്ലെന്ന് ഡോ. ജോൺ ബ്രിട്ടാസ് എക്സിൽ കുറിച്ചു. 2010 ൽ പാകിസ്ഥാനിൽ വെള്ളപ്പൊക്കമുണ്ടായ സന്ദർഭത്തിൽ, അന്നത്തെ യുപിഎ സർക്കാർ 25 മില്യൺ ഡോളർ സഹായം നൽകിയത് തരൂർ എങ്ങനെയാണ് നോക്കിക്കാണുന്നതെന്നും ഡോ. ജോൺ ബ്രിട്ടാസ് ചോദിച്ചു. മുംബൈ ഭീകരാക്രമണം നടന്ന് വെറും രണ്ട് വർഷങ്ങളെ ആയിട്ടുണ്ടായിരുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു.
എക്സ് പോസ്റ്റിലൂടെയാണ് 2023ലെ ഭൂകമ്പത്തിൽ തുർക്കിക്ക് 10 കോടി സഹായം നൽകിയ കേരള സർക്കാരിനെ ശശി തരൂർ വിമർശിച്ചത്. ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടിയായി പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയപ്പോൾ, തുർക്കിഷ് നിർമിത ഡ്രോണുകളാണ് ഉപയോഗിച്ചത്.
ഈ സന്ദർഭത്തിലാണ് – ‘രണ്ട് വർഷത്തിന് ശേഷം തുർക്കിയുടെ പെരുമാറ്റം കണ്ട കേരള സർക്കാർ തെറ്റായ മഹാമനസ്കതയെക്കുറിച്ച് ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വയനാടൻ ജനതയെ പോലെ ദുരിതമനുഭവിക്കുന്നവർക്ക് ആ തുക ഉപയോഗിക്കാമായിരുന്നു’ എന്ന് ശശി തരൂർ പോസ്റ്റിട്ടത്.
തുര്‍ക്കിയെ സഹായിക്കാന്‍ കേന്ദ്രം ‘ഓപ്പറേഷന്‍ ദോസ്ത്’ എന്ന പേരിൽ നടപടിയെടുത്തത് തരൂരിനറിയാം എന്നിരിക്കെ വിമര്‍ശനം അനാവശ്യമാണെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് അഭിപ്രായപ്പെട്ടിരുന്നു.