+

മേയ്ക്ക് ഇന്ത്യ പദ്ധതിക്ക് ശേഷം ആഭ്യന്തര ഉൽപാദനം കുറഞ്ഞു, യുദ്ധമുണ്ടായാൽ ചൈനയുടെ ഉപകരണങ്ങൾ വെച്ച് പോരാടേണ്ട അവസ്ഥ ; രാഹുൽ ഗാന്ധി

മേയ്ക്ക് ഇന്ത്യ പദ്ധതിക്ക് ശേഷം ആഭ്യന്തര ഉൽപാദനം കുറഞ്ഞു, യുദ്ധമുണ്ടായാൽ ചൈനയുടെ ഉപകരണങ്ങൾ വെച്ച് പോരാടേണ്ട അവസ്ഥ ; രാഹുൽ ഗാന്ധി

ന്യൂഡൽഹി: മേയ്ക്കിങ് ഇന്ത്യ എന്നത് മഹത്തായ ആശയമായിരുന്നുവെന്നും എന്നാൽ അത് ഫലപ്രദമായി നടപ്പാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീഴ്ച പറ്റിയെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മേയ്ക്ക് ഇന്ത്യ പദ്ധതിക്ക് ശേഷം ആഭ്യന്തര ഉൽപാദനം കുറഞ്ഞു. ഇന്ത്യയിൽ ചൈന ആധിപത്യം നേടാൻ ഈ പദ്ധതി കാരണമായി. ഇന്ത്യയേക്കാൾ 10 വർഷം മുന്നിലാണ് ചൈന. ചൈനയുമായി യുദ്ധമുണ്ടായാൽ ചൈനയുടെ ഉപകരണങ്ങൾ വെച്ച് യുദ്ധം ചെയ്യേണ്ട അവസ്ഥയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

രാജ്യത്തെ ഉത്പാദനമേഖലയുടെ വിഹിതം 2014-ലെ 15.3 ശതമാനത്തില്‍നിന്ന് ഇന്ന് 12.6 ശതമാനത്തിലെത്തി. 60 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതില്‍ താന്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹം ഒന്നിനും ശ്രമിച്ചിട്ടില്ലെന്നും താന്‍ പറയുന്നില്ല. ഉൽപ്പാദന മേഖലയെ ശരിയായി നയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സാ​ങ്കേതിക രംഗത്തെ വിപ്ലവം അവകാശവാദം മാത്രമാണ്. എല്ലാം നിർമിക്കുന്നത് ചൈനയിൽ നിന്നാണെന്ന് തന്റെ ഫോൺ ഉയർത്തിക്കാട്ടി രാഹുൽ പറഞ്ഞു. ചൈനയെ മറികടക്കാൻ യു.എസുമായി സഹകരിച്ച് മുന്നോട്ട് പോകണം.

രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നും തലപ്പത്ത് പിന്നാക്കക്കാരില്ലെന്നും വികസനം പിന്നാക്ക വിഭാഗക്കാരെയും ഉള്‍പ്പെടുത്തിയാകണമെന്നും രാഹുല്‍ പറഞ്ഞു. മോദിയെ പുകഴ്ത്തുന്ന മാധ്യമങ്ങളുടെ തലപ്പത്തും മുന്നോക്കക്കാരാണ്. ഭരണപക്ഷത്ത് ഒ.ബി.സി എം.പിമാരുണ്ട്, അവര്‍ക്ക് വാ തുറക്കാന്‍ പറ്റുന്നില്ല. പിന്നാക്കവിഭാഗക്കാരെ മുന്നോട്ട് കൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 

മഹാരാഷ്ട്രയിലെ വോട്ടര്‍പട്ടികയില്‍ വന്‍ ക്രമക്കേടാണ് നടന്നത്. ഒരൊറ്റ കെട്ടിടത്തിൽ നിന്ന് മാത്രം 7000 വോട്ടർമാരെ ചേർത്തു. പുതിയ വോട്ടർമാരെയെല്ലാം ചേർത്തത് ബി.ജെ.പി ജയിച്ച മണ്ഡലങ്ങളിലാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഡാറ്റ പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 

Trending :
facebook twitter