കോഴിക്കോട്: മുക്കത്തെ ഹോട്ടലില്‍ നടന്ന ലൈംഗിക പീഡനശ്രമവും തുടര്‍ന്ന് യുവതി ഹോട്ടല്‍ മുറിയില്‍ നിന്നും താഴേക്ക് ചാടി രക്ഷപ്പെട്ടതുമായ സംഭവത്തിന്റെ വീഡിയോ ഞെട്ടിക്കുന്നതാണെന്ന് എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടി. ഇത്തരം സംഭവങ്ങള്‍ ഭയപ്പെടുത്തുന്നു. ഇതില്‍ കൂടുതല്‍ തെളിവുകള്‍ ഒരു പെണ്‍കുട്ടിക്ക് നല്‍കാനാകുമോ എന്നും ഇനിയും ഞങ്ങളുടെ പെണ്‍കുട്ടികളെ എങ്ങോട്ട് കടത്തണമെന്നാണെന്നും അവര്‍ ചോദിക്കുന്നുണ്ട്.
എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
മുക്കത്ത് നടന്ന ക്രൂരപീഡനത്തിന്റെ ശ്രമങ്ങളും പെണ്‍കുട്ടിയുടെ ഉറക്കെയുള്ള അലറിക്കരച്ചിലും തളര്‍ത്തിക്കളയുന്നു. ''എന്നെ ഒന്നും ചെയ്യല്ലേ' എന്ന അലര്‍ച്ചയും കരച്ചിലും ഇവിടെ ഷെയര്‍ ചെയ്യാനുള്ള ധൈര്യമോ മനസ്സോ ഇല്ല.
അതിനിടയിലും അയാള്‍ ആവര്‍ത്തിച്ചു പറയുന്നു, 'ഒച്ച വെക്കരുത്, നിന്റെ മാനം പോകും' എന്ന് . മാനത്തിനു വേണ്ടിയല്ലെടോ വൃത്തികെട്ടവനേ അവള്‍ നിലവിളിക്കുന്നത്. കെട്ട നിന്നോടൊക്കെ ആരെങ്കിലും മാനത്തിനു വേണ്ടി കെഞ്ചുമോ?
അവളനുഭവിച്ച വേദന , ഭയം, നിസ്സഹായത, നിരാശ, എല്ലാത്തിനും കൂടി പറയാനൊരു വാക്ക് എന്റെ ഭാഷയിലില്ല.
പക്ഷേ, ആ അലര്‍ച്ചയില്‍ നിന്ന് എന്റെ ശരീരവും അതെല്ലാം അനുഭവിക്കുന്നുണ്ട്, അറിയുന്നുണ്ട്. ഓരോ അലര്‍ച്ചയും എന്റേതു കൂടിയാണ്. ദുഷ്ടാ, പൊള്ളുകയാണെന്റെ ശരീരവും. എനിക്കും ഓരോ ഇഞ്ചും നീറുന്നു. അവള്‍ക്കൊപ്പം എന്റെ തലയും പൊട്ടിപ്പൊളിയുന്നു.
എന്താനന്ദമാണ് നിനക്ക് ലഭിച്ചിരിക്കുക ഈ ഭയത്തിലും വേദനയിലും ചവിട്ടി നിന്നിട്ട്?
ഈ ഭയത്തിന്റെ അര്‍ഥം നിനക്കറിയുമോ? ഈ ഭയത്തിന്റെ ആഴം നിനക്ക് ഊഹിക്കാനാകുമോ? ഈ അലര്‍ച്ചയുടെ പൊരുള്‍ നിനക്കറിയാമായിരുന്നെങ്കില്‍ അതിനെ ഒച്ച എന്ന് നിനക്ക് പറയാനാകുമായിരുന്നില്ല. മനുഷ്യനോ മൃഗമോ കാട്ടാളനോ കാപാലികനോ അല്ല നീ.
എത്രയോ നിലവിളികളുടെ തുടര്‍ച്ചയാണിത്. പെണ്‍ശരീരങ്ങള്‍ ഭയന്നുള്ള നിലവിളികള്‍ക്കു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണോ?
ഭയമാകുന്നു. വല്ലാതെ ഭയമാകുന്നു. എന്നെങ്കിലും ഈ ഭയങ്ങളില്‍ നിന്ന് എന്റെ വംശം മുക്തമാകുമോ? ആര്‍ക്ക് ഒരുറപ്പു തരാനാകും? ഇത്ര മാത്രം അനാഥവും ശപിക്കപ്പെട്ടതുമാണോ ഞങ്ങളുടെ ജീവിതങ്ങള്‍?
ഇനി നിയമപാലകരോട്, ഭരണകൂടത്തോട്...
ഇതില്‍ കൂടുതല്‍ തെളിവുകള്‍ തരാനാകുമോ ഒരു പെണ്‍കുട്ടിക്ക് ? ഇനിയും എങ്ങോട്ടു കടത്തണം ഞങ്ങളുടെ പെണ്‍കുട്ടികളെ?