+

ആരിക്കാടി കോട്ടയിൽ നിധി തേടിപോയ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിന് പണി കിട്ടി; പാർട്ടിസ്ഥാനങ്ങളിൽ നിന്നും മുസ്ലീം ലീഗ് നീക്കം ചെയ്തു

നിധിയെടുക്കുന്നതിനായി ആരിക്കാടി കോട്ടയിൽ കുഴിയെടുത്ത വിവാദവുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാറിനെ മുസ്‌ലിം ലീഗിലും പോഷക സംഘടനകളിലും വഹിക്കുന്ന പദവികളില്‍ നിന്ന് ഒഴിവാക്കാന്‍ പാർട്ടി നേതൃത്വം തീരുമാനിച്ചു.

കാഞ്ഞങ്ങാട്: നിധിയെടുക്കുന്നതിനായി ആരിക്കാടി കോട്ടയിൽ കുഴിയെടുത്ത വിവാദവുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാറിനെ മുസ്‌ലിം ലീഗിലും പോഷക സംഘടനകളിലും വഹിക്കുന്ന പദവികളില്‍ നിന്ന് ഒഴിവാക്കാന്‍ പാർട്ടി നേതൃത്വം തീരുമാനിച്ചു. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയതിനാണ് നടപടി. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ പി എം മുനീര്‍ ഹാജി എന്നിവരാണ് ഈക്കാര്യം വ്യക്തമാക്കിയത്.

ഒരാഴ്ച്ച മുൻപ് കുമ്പള ആരിക്കാടിയിലെ കോട്ടയ്ക്കകത്തെ കിണറ്റിലാണ് ഇവര്‍ നിധിയുണ്ടെന്ന് കരുതി കുഴിച്ചെടുക്കാന്‍ ശ്രമിച്ചത്. ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ ഇതിനു സമാനമായി തൊഴിലുറപ്പ് സ്ത്രീ തൊഴിലാളികൾക്ക് നിധി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റായ മുജീബ് യുവാക്കളുടെ സംഘത്തെ ഇവിടേക്ക് പറഞ്ഞയച്ചത്. നിധി ലഭിച്ചാല്‍ എല്ലാവര്‍ക്കും ചേര്‍ന്ന് ഇത് പങ്കിടാമെന്ന് പറഞ്ഞായിരുന്നു കുഴിക്കാനിറങ്ങിയത്. 

Panchayat vice president who searched for treasure in Arikady fort removed from party posts by Muslim League

എന്നാല്‍ കോട്ടയ്ക്ക് അകത്ത് നിന്ന് കുഴിക്കുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം കാണുന്നത്. നാട്ടുകാരെ കണ്ടതോടെ കിണറിന് പുറത്ത് നിന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഉള്ളിലുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. സംഭവ സ്ഥലത്ത് പൊലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം മുന്‍പും ഇവര്‍ ഇവിടെയെത്തി നിധി അന്വേഷിച്ചിരുന്നുവെന്നാണ് വിവരം. പുരാവസ്തു വകുപ്പിന്റെ പരാതിയിലും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ബിജെപി, സിപിഎം, കോണ്‍ഗ്രസ് കക്ഷികളെല്ലാം മുജീബ് കമ്പാറിനെ പഞ്ചായത്ത് അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു. സംഭവം മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും പാർട്ടിക്ക് നാണക്കേടായി മാറുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃത്വത്തിൻ്റ നിർദ്ദേശപ്രകാരം അടിയന്തിര നടപടി സ്വീകരിച്ചത്.

facebook twitter