പാകിസ്ഥാനെതിരെ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കാന്‍ ഇന്ത്യ. പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്തണം എന്ന് ആവശ്യപ്പെടും. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്, എഫ്എടിഎഫിനോട് പാകിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെടും.
അതേസമയം കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കുന്ന ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണത്തിന് പാകിസ്ഥാന്‍ തയ്യാറെടുക്കുന്നതായി ഇന്ത്യക്ക് സൂചന ലഭിച്ചു. പരീക്ഷണം അടുത്തയാഴ്ച നടക്കുമെന്നാണ് വിവരം ലഭിച്ചത്. പരീക്ഷണം പ്രകോപനമായി കാണുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതിനിടെ ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചു എന്ന പാകിസ്ഥാന്‍ മാധ്യമങ്ങളുടെ ആരോപണം കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി. ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചെന്നും പാക് വ്യോമസേന നേരിടാന്‍ തുടങ്ങിയപ്പോള്‍ മടങ്ങിയെന്നുമാണ് പാക് മാധ്യമങ്ങളിലെ പ്രചാരണം. ഭയം കൊണ്ട് പാകിസ്ഥാന്‍ കള്ളപ്രചാരണം നടത്തുന്നു എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. തിരിച്ചടിക്ക് ഇന്ത്യന്‍ സേനകള്‍ക്ക് പ്രധാനമന്ത്രി പൂര്‍ണ്ണ അവകാശം നല്‍കിയ സാഹചര്യത്തില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെയും ഉപകരണങ്ങളും എത്തിച്ചിരുന്നു.