തിരുവനന്തപുരം : പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനും നേരെയാണ് പാകിസ്ഥാൻ വെല്ലുവിളി ഉയർത്തിയത്. ഭീകരവാദികളെ സ്പോൺസർ ചെയ്ത പാകിസ്ഥാനെതിരെ അതിശക്തമായ നടപടിയാണ് ഇന്ത്യൻ സൈന്യം സ്വീകരിച്ചത്. രാജ്യസ്നേഹമുള്ള എല്ലാവരും ഇന്ത്യ സേനയ്ക്കൊപ്പം നിൽക്കും.
രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ശ്രമങ്ങളുമായി പാകിസ്ഥാൻ ഇനിയും വന്നാൽ ഒറ്റക്കെട്ടായി രാജ്യം തിരിച്ചടിക്കണമെന്നാണ് കോൺഗ്രസിന്റെ അഭ്യർത്ഥന. അതുകൊണ്ടു തന്നെ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയെ അഭിനന്ദിക്കുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ പതിനഞ്ചാം നാളാണ് ഇന്ത്യ ചുട്ട മറുപടി നൽകിയിരിക്കുന്നത്. പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള 9 ഭീകരകേന്ദ്രങ്ങൾ ഇന്ന് പുലർച്ചെ തരിപ്പിണമാക്കിയാണ് ഇന്ത്യൻ സംയുക്ത സേനാ വിഭാഗങ്ങളുടെ മറുപടി.
പാകിസ്ഥാന്റെ ഭീകര പരിശീലന കേന്ദ്രങ്ങൾ വേരോടെ പിഴുതെറിയാനുള്ള ഇന്ത്യൻ ശ്രമം ജയ്ഷെ, ലഷ്കർ, ഹിസ്ബുൾ താവളങ്ങളെ ചുട്ടെരിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകിയുള്ള ഇന്ത്യൻ പ്രത്യാക്രമണത്തിൽ പാകിസ്ഥാൻ അമ്പാടെ ഞെട്ടിവിറച്ചു. ഇന്ത്യയുടെ കനത്ത പ്രത്യാക്രമണത്തിൽ കത്തിച്ചാമ്പലായത് 9 പാക് ഭീകരകേന്ദ്രങ്ങളാണ്.