കാനഡയില്‍ ഇന്ത്യന്‍ വ്യവസായിയെ ലോറന്‍സ് ബിഷ്ണോയുടെ സംഘം വെടിവച്ചുകൊന്നു

12:50 PM Oct 30, 2025 |


കാനഡയില്‍ ഇന്ത്യക്കാരനായ വ്യവസായി ദര്‍ശന്‍ സിങ് സഹാസിയെ കുപ്രസിദ്ധ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയുടെ സംഘം കൊലപ്പെടുത്തി. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ അബ്ബോട്സ്ഫോഡ് നഗരത്തിലെ വീടിന് പുറത്ത് കാറിനുള്ളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ ദര്‍ശന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഉടന്‍ വെടിവയ്ക്കുകയായിരുന്നു. കാനം ഇന്റര്‍നാഷണല്‍ എന്ന ടെക്സ്‌റ്റൈല്‍ കമ്പനിയുടെ പ്രസിഡന്റാണ് ദര്‍ശന്‍. പഞ്ചാബില്‍ നിന്ന് 1991 ലാണ് കാനഡയിലെത്തിയത്.


കൊലപാതകം നടത്തിയതായി ബിഷ്ണോയ് സംഘാംഗം ഗോള്‍ഡി ധില്ലന്‍ സമൂഹ മാധ്യമത്തിലൂടെ സമ്മതിച്ചു. നിരന്തരം കൊള്ളയും കൊലപാതകവും നടത്തുന്ന ബിഷ്ണോയുടെ സംഘത്തെ കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. തിങ്കളാഴ്ച പഞ്ചാബി ഗായകന്‍ ഛാനി നാട്ടന്റെ വീടിന് പുറത്തും സംഘം വെടിവയ്പ്പ് നടത്തിയിരുന്നു. സര്‍ദാര്‍ ഖേര എന്ന ഗായകനുമായി ബന്ധം സ്ഥാപിച്ചതാണ് കാരണം. സര്‍ദാര്‍ ഖേര വരും ദിവസങ്ങളില്‍ കൂടുതല്‍ നാശം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കി.
ഈ സംഭവങ്ങള്‍ക്ക് ശേഷം കാനഡയിലെ ഇന്ത്യന്‍ സമൂഹം ഭീതിയിലാണ്. വിവിധ രാജ്യങ്ങളിലായി 700 കൊലപാതകങ്ങളാണ് ബിഷ്ണോയ് സംഘം നടത്തിയിരിക്കുന്നത്.