
ഓസ്ട്രേലിയയില്‍ 23 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ വംശീയാതിക്രമം. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ചരണ്‍പ്രീത് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായി പൊലീസ്.
ശനിയാഴ്ച രാത്രിയില്‍ ഭാര്യയ്ക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. സൗത്ത് ഓസ്ട്രേലിയയിലെ അഡിലെയ്ഡിലെ കിന്ടോര് അവന്യൂവില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് അഞ്ചംഗ സംഘമെത്തി വംശീയമായി അധിക്ഷേപിക്കുകയും പ്രകോപനമില്ലാതെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മുഖത്തും വയറിലും തുടര്‍ച്ചയായി ആക്രമിച്ചു. തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും അബോധാവസ്ഥയിലാകും വരെ സിങ്ങിനെ പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ തലയ്ക്കും മുഖത്തെ എല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അബോധാവസ്ഥയിലായ സിങ്ങിനെ എമര്‍ജന്‍സി മെഡിക്കല്‍ സംഘമെത്തി റോയല്‍ അഡിലെയ്ഡ് ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ അക്രമികളില്‍ 20 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി സൗത്ത് ഓസ്ട്രേലിയ പൊലീസ് വ്യക്തമാക്കി. സിസിടിവി പരിശോധിച്ച് മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.