ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന്‍ പ്രതിനിധികള്‍ക്ക് വേദിയൊരുക്കിയ ഹാര്‍വാര്‍ഡ് സര്‍വകലാശാല നടപടിക്കെതിരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പാകിസ്ഥാനെക്കുറിച്ചുള്ള സെമിനാറില്‍, പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ഉയര്‍ത്തിയത്. പാകിസ്ഥാന്‍ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, യുഎസിലെ അംബാസഡര്‍ റിസ്വാന്‍ സയീദ് ഷെയ്ഖ് തുടങ്ങിയവരാണ് സെമിനാറില്‍ പങ്കെടുത്തത്
തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു രാജ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് സ്വീകരിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ വിമര്‍ശനം ഉന്നയിച്ചു. സംഭവം വിശദീകരിച്ച് വിദ്യാര്‍ത്ഥികളായ സുരഭി തോമര്‍, അഭിഷേക് ചൗധരി എന്നവര്‍, ഹാര്‍വാര്‍ഡ് നേതൃത്വത്തിനും യുഎസ് സെനറ്റര്‍ മാര്‍ക്കോ റൂബിയോയ്ക്കും കത്തെഴുതി. സംഭവത്തില്‍ ഭീകരവാദത്തിനെതിരായ നിലപാട് സര്‍വകലാശാല സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
ഭീകരതയെന്യായീകരിക്കുന്ന ഒരു രാജ്യത്തിന്റെ പ്രതിനിധികളെ സ്വാഗതം ചെയ്യുന്നത് ഹാര്‍വാര്‍ഡിന് ചീത്തപ്പേരുണ്ടാക്കും. മതത്തിന്റെ പേരില്‍ ജനങ്ങളെ ലക്ഷ്യമിടുന്ന സംഘടനകളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കയും ചെയ്യുന്ന രാജ്യത്തിന്റെ പ്രതിനിധിഖള്‍ക്ക് അമേരിക്ക ആതിഥേയത്വം വഹിക്കരുത്. പഹല്‍ഗാം ആക്രമണത്തെ ഹാര്‍വാര്‍ഡ് പരസ്യമായി അപലപിക്കണമെന്നും ദുഃഖിതരായ ഇന്ത്യന്‍, ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ കത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, സെമിനാറില്‍ ഞങ്ങള്‍ക്ക് കാര്യമായ പങ്കില്ലെന്ന് സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതികരിച്ചു