
കോഴിക്കോട് : മലപ്പുറം പെരുവള്ളൂരിൽ പേവിഷ പ്രതിരോധ വാക്സിന് എടുത്തിട്ടും തെരുവുനായയുടെ കടിയേറ്റ അഞ്ചു വയസുകാരി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിനെതിരേ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ പിതാവ്. കുട്ടിയുടെ തലയിലെ മുറിവുകൾക്ക് ആദ്യഘട്ടത്തിൽ കാര്യമായ ചികിത്സ നല്കുന്നതിൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചെന്നാണ് ആരോപണം.
കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെനിന്നും മുറിവ് ഡെറ്റോൾ ഇട്ട് കഴുകി. തുടർന്ന് മരുന്നില്ലാത്തതിനാൽ മെഡിക്കൽ കോളജിലേക്ക് പോകാൻ അധികൃതർ നിർദേശിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയപ്പോൾ തലയിലെ വലിയ മുറിവ് നോക്കാതെ ചെറിയ മുറിവുകൾക്ക് ചുറ്റുമാണ് ഇൻജക്ഷൻ നൽകിയത്. അത് കഴിഞ്ഞ് 48 മണിക്കൂർ കഴിഞ്ഞ് വരാൻ ആവശ്യപ്പെട്ടു. പിന്നീട് വീണ്ടും ആശുപത്രിയിൽ എത്തിയതിന് ശേഷമാണ് തലയ്ക്കുള്ള മുറിവിന് തുന്നൽ ഇട്ടതെന്നും കുട്ടിയുടെ പിതാവ് പറയുന്നു.
മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം കുന്നത്തുപറമ്പ് കുഴിക്കാട്ടു ചോലക്കല്‍ സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയാ ഫാരിസ് ആണ് മരിച്ചത്. മാര്‍ച്ച് 29നാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനും തോളിലും ചുണ്ടിലുമാണ് കടിയേറ്റത്. തുടർന്ന് വാക്സിൻ എടുത്തിരുന്നു. എട്ടു ദിവസം മുന്‍പ് പനി ബാധിക്കുകയും പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് ഇക്കഴിഞ്ഞ 25നാണ് കുട്ടിയെ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേ നായയുടെ കടിയേറ്റ മറ്റ് അഞ്ചു പേരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവര്‍ക്ക് നിലവില്‍ ആരോഗ്യപ്രശ്നങ്ങളില്ല.