ഇന്ത്യ പാക് ഭിന്നത രൂക്ഷം ; ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

06:37 AM Apr 26, 2025 | Suchithra Sivadas

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ ഭിന്നത രൂക്ഷമാകുമ്പോള്‍ ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിര്‍ദ്ദേശം. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായി നില്‍ക്കണം എന്നും അറിയിപ്പില്‍ പറയുന്നു. പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുന്നതടക്കം വിഷയങ്ങളില്‍ ഉടന്‍ ഉന്നത തലത്തില്‍ കൂടിയാലോചന ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 


പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് ഇന്ത്യ സ്ഥിരീകരിച്ചതായാണ് വിവരം. ആക്രമണവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരവും അന്വേഷണവും വിരല്‍ ചൂണ്ടുന്നത് പാകിസ്ഥാന്റെ പങ്കിലേക്കാണ്. ലോക നേതാക്കളുമായുള്ള ആശയ വിനിമയത്തില്‍ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയവും നിര്‍ണ്ണായക വിവരം മറ്റ് രാജ്യങ്ങളെ ധരിപ്പിച്ചു. 

ഒരു തുള്ളി ജലം വിട്ടുകൊടുക്കില്ല എന്ന ഇന്ത്യയുടെ നിലപാട് പാക് സര്‍ക്കാര്‍ ഇന്ന് യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യും. വീസ റദ്ദാക്കിയ സാഹചര്യത്തില്‍ പാകിസ്ഥാനി പൗരന്‍മാര്‍ മടങ്ങുന്നത് നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു