കാസര്‍കോട്: പോലീസ് സുരക്ഷയില്‍ ഇനി ഫുട്ബോളും ക്രിക്കറ്റും കളിക്കാം .24 മണിക്കൂറും പോലീസിന്റെ നിരീക്ഷണമുള്ള പൊതുജനങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗിക്കാവുന്ന കളിയിടം തയ്യാറായി. യുവാക്കളെ ലഹരിയില്‍നിന്ന് അകറ്റി പോസിറ്റീവ് ലഹരി നിറയ്ക്കാനുള്ള ഉദ്യമത്തിലാണ് കാസര്‍കോട് പോലീസ്. പാറക്കട്ടയിലെ ജില്ലാ പോലീസ് ആസ്ഥാനത്തുള്ള എ.ആര്.ക്യാമ്പ് വളപ്പിലാണ് ടര്‍ഫ് സൗകര്യം ഒരുക്കിയത്. വിശാല സൗകര്യമുള്ള ടര്‍ഫ് ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ജില്ലയിലെ ഏറ്റവും വലിയ ടര്‍ഫ് കൂടിയാണിത്.
നിലവില്‍ ജില്ലയുടെ പല ഭാഗങ്ങളിലും ടര്‍ഫുകളുണ്ട്. കളിക്കാര്‍ കൂട്ടമായി ദൂരസ്ഥലങ്ങളിലെ ടര്‍ഫുകളിലുള്‍പ്പെടെ പോയി കളിയില്‍ ഏര്‍പ്പെടുന്നു. സമീപകാലങ്ങളിലായി ഇത്തരം സ്ഥലങ്ങളില്‍നിന്ന് ലഹരിക്കേസുകളും പോലീസ് പിടിക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് മാരകലഹരികളിലുംനിന്ന് യുവാക്കളെ കായിക ലഹരിയിലേക്കെത്തിക്കാനുള്ള പോലീസിന്റെ ഇടപെടല്‍. ഫുട്ബോള്‍ ഫൈവ്സ് ആണെങ്കില്‍ ഒരേസമയം മൂന്ന് കളികള്‍ നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. രണ്ട് സെവന്‍സ് മത്സരം, ഇലവന്‍സ് ഫുട്ബോള്‍ എന്നിവയും നടത്താം. ടര്‍ഫിനോട് ചേര്‍ന്ന് കബഡി, വോളിബോള്‍, ഷട്ടില്‍ തുടങ്ങിയവയ്ക്കുള്ള മള്‍ട്ടി പര്‍പ്പസ് കായിക സമുച്ചയംകൂടി തയ്യാറാകുന്നുണ്ട്.
സദാസമയവും പോലീസിന്റെ നിരീക്ഷണമുണ്ടാകുമെന്നതിനാല്‍ രക്ഷിതാക്കള്‍ക്ക് ഇവിടേക്ക് ധൈര്യമായി അവരുടെ മക്കളെ കളിക്കാന്‍ വിടാമെന്നും യാതൊരു ബാഹ്യ ഇടപെടലുകളും ഇവിടെ ഉണ്ടാകില്ലെന്നും എ.എസ്.പി. പി.ബാലകൃഷ്ണന് നായര്‍ പറഞ്ഞു. ടര്‍ഫ് ശനിയാഴ്ച വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.