ന്യൂഡൽഹി : പാൻ കാർഡ് ക്ലബ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അമേരിക്ക, യു.എ.ഇ, തായ്ലൻഡ് എന്നിവിടങ്ങളിലെ 5000 കോടി രൂപയുടെ ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. നിക്ഷേപ തട്ടിപ്പിലുൾപ്പെട്ട പനോരമിക് യൂനിവേഴ്സൽ ലിമിറ്റഡിെന്റ ഉപസ്ഥാപനങ്ങൾ, പരേതനായ സുധീർ മൊറവേകർ എന്നിവരുടെ പേരിലുള്ളതാണ് കണ്ടുകെട്ടിയ സ്വത്തുക്കൾ. ഇവയിൽ 22 എണ്ണം തായ്ലൻഡിലും ആറെണ്ണം യു.എ.ഇയിലും രണ്ടെണ്ണം അമേരിക്കയിലുമാണ്.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡി അന്വേഷണം നടത്തിയത്. 1997-2017 കാലയളവിൽ പാൻ കാർഡ് ലിമിറ്റഡ് (പി.സി.എൽ) എന്ന സ്ഥാപനം രാജ്യത്തെ 51 ലക്ഷം നിക്ഷേപകരിൽനിന്ന് 5000 കോടിയോളം സമാഹരിച്ചുവെന്നും ഇത് തിരിച്ചുനൽകിയില്ലെന്നുമാണ് കേസ്.