ഐഫോൺ 16 വാങ്ങാൻ ഏറ്റവും ഉചിതമായ സമയമോ ഇത്, ഇതിലും വിലക്കുറവ് വരുമോ?

09:35 PM Sep 03, 2025 | Kavya Ramachandran

ആപ്പിൾ പ്രേമികൾ ഐഫോൺ 17 സീരീസ് സ്‌മാർട്ട്‌ഫോണുകൾ പുറത്തിറങ്ങാനായി കാത്തിരിക്കുകയാണ്. അതേസമയം നിലവിലെ ഐഫോൺ 16 വിലക്കുറവിൽ വാങ്ങാനായി കാത്തിരിക്കുന്നവരുമുണ്ട്. ഐഫോൺ 16 ശ്രേണിയിലെ ഫോണുകൾ വാങ്ങാൻ ഉചിതമായ സമയമാണോ ഇത്, അതോ ഇനിയും കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കണോ? ആപ്പിളിൻറെ പതിവ് ട്രെൻഡ് വച്ച് നോക്കിയാൽ ഐഫോൺ 16 സീരീസിന് ഇനിയും വില കുറയാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഐഫോൺ 17 സീരീസ് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി നിലവിലെ ഐഫോൺ 16 സീരീസ് സ്‌മാർട്ട്‌ഫോണുകളുടെ വില മിക്ക ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും കുറച്ചിട്ടുണ്ട്. 79,999 രൂപയ്ക്ക് ഇന്ത്യയിൽ ആപ്പിൾ 2024ൽ പുറത്തിറക്കിയ ഐഫോൺ 16 128 ജിബി സ്റ്റോറേജ് വേരിയൻറിന് ഇപ്പോൾ ആമസോണിൽ വില 69,999 രൂപയാണ്. അതായത് ഏകദേശം 12 ശതമാനത്തിൻറെ വിലക്കുറവ് ഐഫോൺ 16ന് ഇപ്പോൾതന്നെ ലഭ്യം. 89,900 രൂപയ്ക്ക് പുറത്തിറക്കിയിരുന്ന ഐഫോൺ 16 പ്ലസിന് ഇപ്പോൾ 79,990 രൂപയേയുള്ളൂ. എന്നാൽ ഐഫോൺ 16 സീരീസ് മോഡലുകൾ വാങ്ങാനായി അൽപം കൂടി കാത്തിരുന്നാൽ മറ്റൊരു പ്രയോജനം കൂടി ആവശ്യക്കാർക്ക് ലഭിച്ചേക്കാം. ഐഫോൺ 17 സീരീസ് ലോഞ്ചിന് ശേഷം ഐഫോൺ 16 അടക്കമുള്ള പഴയ മോഡലുകൾക്ക് ആപ്പിൾ വില കുറയ്ക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണിത്.

മുൻ വർഷങ്ങളിലെ ആപ്പിളിൻറെ പതിവ് വച്ച് നോക്കിയാൽ, സെപ്റ്റംബർ 9ന് നടക്കുന്ന ഐഫോൺ 17 പരമ്പര ലോഞ്ചിന് ശേഷം ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയുടെ വില കുറഞ്ഞേക്കാം. എന്നാൽ എത്ര രൂപ ആപ്പിൾ ഈ ഫോണുകൾക്ക് കുറയ്ക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. 65,000 രൂപയ്ക്ക് ഐഫോൺ 16 ബേസ് മോഡൽ വാങ്ങാൻ അവസരം ലഭിച്ചേക്കും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണിൻറെയും ഫ്ലിപ്‌കാർട്ടിൻറെയും ഫെസ്റ്റിവൽ സീസൺ വരെ കാത്തിരുന്നാൽ ഈ സ്‌മാർട്ട്‌ഫോണുകൾക്ക് ഇതിലും വലിയ ഓഫറുകളും ലഭിച്ചേക്കാം. വെബ്‌സൈറ്റ് ഡിസ്‌കൗണ്ടുകളും ബാങ്ക് ഓഫറും എക്‌സ്‌ചേഞ്ച് ഓഫറും സഹിതമാണ് കിഴിവുകൾ ലഭ്യമാവുക.