ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റിന്റെ അംഗീകാരം

06:20 PM Jun 23, 2025 |


അമേരിക്ക ഇറാനെ ആക്രമിച്ച പശ്ചാത്തലത്തിൽ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതായി സ്റ്റേറ്റ് മീഡിയ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും നിർണായകമായ ചോക്ക് പോയിന്റുകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും ഹോർമുസ് കടലിടുക്കിലൂടെയാണ് പോകുന്നത്. പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്.

ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് ഏകദേശം 33 കിലോമീറ്റർ വീതിയുള്ള ചാനൽ ഇറാനെ അറേബ്യൻ ഉപദ്വീപിൽ നിന്ന് വേർതിരിക്കുന്നു. മൂന്ന് കിലോമീറ്റർ മാത്രമാണ് ഈ ഭാഗത്തെ കപ്പൽച്ചാലിന്റെ വീതി. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തർ, ഇറാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഹോർമുസ് ജലപാതയിലൂടെ കടന്നുപോകണം. അടച്ചുപൂട്ടിയാൽ അമേരിക്കയും യൂറോപ്പും മാത്രമല്ല, ഏഷ്യയും പ്രതിസന്ധിയിലാകും.