കേരള പൊലിസിനെ നിയന്ത്രിക്കുന്നത് പ്രതിപക്ഷമോ? മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേ? പോലീസ് ആസ്ഥാനത്ത് സംഭവിക്കുന്നത്..

04:06 PM Jul 29, 2025 | Desk Kerala

തിരുവനന്തപുരം: ട്രാക്ടര്‍ വിവാദം ഉയര്‍ത്തി എ.ഡി.ജി.പി എം. ആര്‍ അജിത് കുമാറിനെ ബറ്റാലിയന്‍ ചുമതലയില്‍ നിന്നും മാറ്റുന്നതില്‍ നിര്‍ണ്ണായക 'ഇടപെടല്‍' നടത്തിയ ഐ.പി.എസ് ഉന്നതനു തന്നെ ബറ്റാലിയന്റെ ചുമതലയും നല്‍കുമെന്ന് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ് ഇതിനായി ചരട് വലിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട് ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റിയ ഐ.പി.എസ് ഉദ്യോഗസ്ഥനെ ഒതുക്കല്‍ പോസ്റ്റ് എന്ന നിലയ്ക്കാണ് പൊലീസ് ആസ്ഥാനത്ത് നിയമിച്ചിരുന്നത്. ഇദ്ദേഹത്തിന് സുപ്രധാന ഫയലുകള്‍ കൈമാറരുതെന്ന് സ്ഥാനമൊഴിഞ്ഞ പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബും ഉത്തരവിറക്കിയിരുന്നു. 

എന്നാല്‍ പുതിയ പൊലീസ് മേധാവിയായി രവത ചന്ദ്രശേഖര്‍ ചുമതല ഏറ്റെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ 'പരിമിതി' മുതലടുത്ത് അടുപ്പം സ്ഥാപിച്ച് ഈ ഉദ്യോഗസ്ഥന്‍ രംഗത്ത് വരികയാണ് ഉണ്ടായത്. ഇക്കാര്യം പൊലീസ് സേനയില്‍ തന്നെ സംസാര വിഷയമാണ്.

ചില  പൊലീസ് അസോസിയേഷന്‍ നേതാക്കളുടെ പിന്തുണയും ഈ ഉദ്യോഗസ്ഥനാണ്. പൊലീസ് അസോസിയേഷന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തില്‍ ഇടപെടേണ്ടതില്ല എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതു കൊണ്ടു തന്നെ, കഴിഞ്ഞ കാല ഇടതുപക്ഷ സര്‍ക്കാറുകളില്‍ പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് ലഭിച്ചിരുന്ന പ്രാമുഖ്യം പിണറായി മുഖ്യമന്ത്രിയായ ശേഷം ലഭിക്കാറില്ല. ഇതില്‍ അമര്‍ഷമുള്ള അസോസിയേഷന്‍ നേതാക്കളും ഈ ഐ.പി.എസ് ഉന്നതനെ സ്ഥലംമാറ്റരുതെന്ന നിലപാടുകാരാണ്.

എം. ആര്‍ അജിത് കുമാര്‍ ക്രമസമാധാന ചുമതലയില്‍ ഉണ്ടായിരുന്ന സമയത്ത് പൊലീസ് അസോസിയേഷന്‍  ഭാരവാഹിയെ അടുപ്പിച്ചിരുന്നില്ല എന്നാണ് ഐ.പി.എസ് കേന്ദ്രങ്ങള്‍ ചുണ്ടിക്കാട്ടുന്നത്.

പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി അജിത് കുമാറിനെ സര്‍ക്കാര്‍ നിയമിക്കുമെന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കെയാണ് അപ്രതീക്ഷിതമായി ട്രാക്ടര്‍ വിവാദം പൊട്ടി പുറപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ ഈ വിവാദങ്ങള്‍ക്ക് പിന്നില്‍ മറ്റു ചില താല്‍പര്യങ്ങള്‍ ഉണ്ടെന്നാണ് പൊലീസിലെ പ്രബല വിഭാഗം സംശയിക്കുന്നത്. കഴിഞ്ഞ ആറുമാസത്തെ ശബരിമലയിലെ സി.സി.ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പല പ്രമുഖരുടെയും നിയമലംഘനങ്ങള്‍ പുറത്ത് വരുമെന്ന അഭിപ്രായമാണ് ഈ വിഭാഗത്തിനുള്ളത്.

അതേസമയം, എം.ആര്‍ അജിത് കുമാറിന് പിന്‍ഗാമിയായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചിരിക്കുന്നത് സര്‍ക്കാറിന് ഏറെ ഇഷ്ടപ്പെട്ട വെങ്കിടേഷിനെയാണ്. സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖറിനെ പോലെ തന്നെ വെങ്കിടേഷും ആന്ധ്ര സ്വദേശികളാണ്.

വളരെ മാന്യനായ ഉദ്യോഗസ്ഥനായി അറിയപ്പെടുന്ന രവത ചന്ദ്രശേഖര്‍ 15 വര്‍ഷത്തില്‍ അധികമായി കേരളത്തിന് പുറത്താണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹം തിരിച്ച് പൊലീസ് മേധാവിയായി ചുമതല ഏല്‍ക്കുമ്പോള്‍, കേരളത്തിലെ പൊലീസ് സേന തന്നെ ആകെ മാറിയ അവസ്ഥയിലാണുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പൊലീസ് സേനയിലെ നല്ലൊരു വിഭാഗവും രവത ചന്ദ്രശേഖര്‍ കേരളം വിട്ട ശേഷം മാത്രം സര്‍വ്വീസില്‍ പ്രവേശിച്ച വരാണ്.

മാത്രമല്ല കേരളത്തിലെ പൊലീസിങിനെ കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ രവത ചന്ദ്രശേഖറിന് സാവകാശം വേണമെന്നിരിക്കെ അദ്ദേഹത്തിന്റെ ഈ പരിമിതിയാണ് പൊലീസ് ആസ്ഥാനത്തെ ഉന്നതന്‍ ഉപയോഗപ്പെടുത്തുന്നത്. ഇപ്പോള്‍ സംസ്ഥാന പൊലീസ് മേധാവിയെ പിന്നില്‍ നിന്നും നിയന്ത്രിക്കുന്നത് ഈ ഉദ്യോഗസ്ഥനാണ് എന്ന പ്രചരണമാണ് പോലീസ് സേനയ്ക്ക് അകത്ത് പോലുമുള്ളത്. ഇത് വലിയ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘപരിവാറുമായി അടുത്ത ബന്ധമുള്ള ഐ.പി.എസ് ഉന്നതന്‍ സംസ്ഥാന പൊലീസ് ആസ്ഥാനത്തെ നിയന്ത്രിക്കുന്നത് ഫലത്തില്‍  പ്രതിപക്ഷം പൊലീസിനെ നിയന്ത്രിക്കുന്നതിന് തുല്യമായി മാറിയാലും രഹസ്യങ്ങള്‍ ചോര്‍ന്നാലും ഇനി അത്ഭുതപ്പെടാനില്ല.