സിറിയയിലെ ഡമാസ്‌കസിന് സമീപം മാരകമായ ആക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും സിറിയ അറിയിച്ചു. വിഭാഗീയ അക്രമങ്ങൾക്കിടയിൽ ഇസ്രയേലിന്റെ അപൂർവ ആക്രമണത്തെത്തുടർന്ന് രാജ്യത്ത് വിദേശ ഇടപെടലിനെ സിറിയ ശക്തമായി അപലപിച്ചു. അതേസമയം, രാജ്യത്തെ മതന്യൂനപക്ഷമായ ഡ്രൂസ് സമൂഹത്തെ ആക്രമിച്ച ഒരു ‘തീവ്രവാദ ഗ്രൂപ്പിനെ’ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പറയുന്നു.
ഡമാസ്‌കസിന്റെ തെക്കുപടിഞ്ഞാറുള്ള സഹ്നയ പട്ടണത്തിൽ നടത്തിയ ഓപ്പറേഷൻ, ‘ഡ്രൂസ് ജനതയെ ആക്രമിക്കുന്നത് തുടരാൻ തയ്യാറെടുക്കുന്ന’ ഒരു അജ്ഞാത സായുധ സംഘത്തിനെതിരായ ‘മുന്നറിയിപ്പ് നടപടി’യാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സും കൂടി പറഞ്ഞു.അതേസമയം, ഒരു അജ്ഞാത സായുധ സംഘം സിറിയൻ സർക്കാർ ചെക്ക്പോസ്റ്റിൽ ആക്രമണം നടത്തുകയും മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സിറിയൻ സർക്കാർ സേന സഹ്നയയ്ക്ക് ചുറ്റുമുള്ള പ്രദേശത്ത് ‘നിയമവിരുദ്ധ അജ്ഞാത സംഘങ്ങളെ സംഘങ്ങളെ’ അറസ്റ്റ് ചെയ്യുന്നതിനായി വിപുലമായ ഓപ്പറേഷൻ ആരംഭിച്ചതായി സിറിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു.