
ഇസ്രയേല്‍ അതിര്‍ത്തി കടന്നു കയറി ഹമാസ് 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന് ശേഷം ഗാസയില്‍ ഇസ്രയേലി സൈന്യം 60034 പേരെ വധിച്ചെന്ന് പലസ്തീനിലെ ആരോഗ്യ വിഭാഗം. യുദ്ധ മുഖത്ത് സഹായമെത്തിക്കുകയായിരുന്ന 81 വളണ്ടിയര്‍മാരും കൊല്ലപ്പെട്ടെന്നാണ് ഇവര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
ആകെ 662 ദിവസം നീണ്ട സംഘര്‍ഷത്തിലാണ് പലസ്തീനില്‍ മാത്രം ഇത്രയധികം പേര് കൊല്ലപ്പെട്ടത്. ഓരോ ദിവസവും 90 പേരെങ്കിലും കൊല്ലപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന കണക്കാണിത്. ഭക്ഷണം കിട്ടാതെ മരിച്ച 147 പേരില്‍ 88 പേര് കുഞ്ഞുങ്ങളാണെന്നും കണക്കുകള്‍ പറയുന്നു. ഗാസയില്‍ ഇപ്പോഴുള്ള മൂന്നിലൊന്ന് പേര്‍ക്കും ദിവസം ഒരു നേരം പോലും ഭക്ഷണം ലഭിക്കുന്നില്ല. പോഷകാഹാരം ലഭിക്കാതെ 20000 ത്തോളം കുട്ടികളെ ഏപ്രില്‍ മാസത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 3000 പേരുടെ സ്ഥിതി ഗുരുതരമാണ്.