
കാഞ്ഞങ്ങാട് : ഇസ്രായേൽ സ്വദേശിയായ ഭാര്യയെ കൊന്ന കേസിൽ കോടതി വിട്ടയച്ചയാൾ തൂങ്ങിമരിച്ച നിലയിൽ. കൊല്ലം മുഖത്തല സ്വദേശി കൃഷ്ണചന്ദ്രനെ (76)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് കാഞ്ഞങ്ങാട്ടുള്ള ആനന്ദാശ്രമത്തിലാണ് കൃഷ്ണചന്ദ്രനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയുടെ കൊലക്കേസിൽ അറസ്റ്റിലായ കൃഷ്ണചന്ദ്രനെ ഏപ്രിൽ 30ന് കൊല്ലം അഡീഷനൽ സെഷൻസ് കോടതി വിട്ടയച്ചിരുന്നു. ഇതിന് ശേഷം ഇയാൾ കാസർകോടേക്ക് പോയി. തുടർന്നു മേയ് 11ന് ആശ്രമത്തിലെ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
2023ൽ കൃഷ്ണചന്ദ്രൻ ഭാര്യ സത്വയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൃഷ്ണചന്ദ്രൻ അസുഖബാധിതനായതിനെതുടർന്ന് ഇരുവരും ചേർന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതാണെന്നാണ് കൃഷ്ണചന്ദ്രൻ പൊലീസിനോട് പറഞ്ഞത്.
ഉത്തരാഖണ്ഡിൽ യോഗ പഠിക്കാനെത്തിയപ്പോഴാണ് സത്വ യോഗ അധ്യാപകനായ കൃഷ്ണചന്ദ്രനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. 15 വർഷം ഋഷികേശിൽ ഇവർ ഒന്നിച്ച് താമസിച്ചു. 2022-ൽ കൃഷ്ണചന്ദ്രന് സോറിയാസിസ് പിടിപെട്ടതിനെത്തുടർന്ന് ഇവർ മുഖത്തല കോടാലിമുക്കിലെ ബന്ധുവീട്ടിൽ താമസിച്ചുവരികയായിരുന്ന ഇവർ നേരത്തെ തന്നെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായാണ് വിവരം.