
ന്യൂഡല്‍ഹി: ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം മിഡില്‍ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുന്നു. ഗാസ യുദ്ധത്തിന്റെ ഭാഗമായി നടത്തിയ ഈ ആക്രമണം ഹമാസിന്റെ മുതിര്‍ന്ന നേതാക്കളെയാണ് ലക്ഷ്യമിട്ടത്. ഖത്തറിന്റെ പരമാധികാരത്തെ ലംഘിച്ചുകൊണ്ടുള്ള ഈ ആക്രമണം അന്താരാഷ്ട്രതലത്തില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
ഇസ്രായേലിനെതിരെ 2023 ഒക്ടോബര്‍ 7-ന് നടത്തിയ ആക്രമണത്തോടെയാണ് ഗാസ യുദ്ധം ആരംഭിച്ചത്. ഇതിനുശേഷം പതിനായിരക്കണക്കിന് കുട്ടികളേയും പലസ്തീനികളേയും ഇസ്രായേല്‍ കൊലപ്പെടുത്തി. ഹമാസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്ന് പറയുന്നുണ്ടെങ്കിലും വംശഹത്യയാണ് ഇസ്രായേല്‍ ചെയ്യുന്നതെന്ന് വ്യക്തം.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന രൂക്ഷമായ ആക്രമണത്തിനിടെയാണ് കഴിഞ്ഞദിവസം ഖത്തറിലെ ചില കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ബോംബ് വര്‍ഷിച്ചത്. ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയുടെ ആസ്ഥാനമായി ഉപയോഗിക്കുന്ന ഒരു റസിഡന്‍ഷ്യല്‍ കോമ്പൗണ്ടിലേക്ക് 15 ഇസ്രായേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ 10 ബോംബുകള്‍ പ്രയോഗിച്ചു.
വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ഹമാസിന്റെ ചീഫ് ആയി പങ്കെടുക്കാറുള്ള ഖലീല്‍ അല്‍-ഹയ്യ, ഹമാസിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന നേതാവ് സാഹെര്‍ ജബാരിന്‍, ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയിലെ മറ്റൊരു പ്രധാനിയായ മുഹമ്മദ് ഇസ്മയില്‍ ദാര്‍വിഷ്, ഹമാസിന്റെ മുന്‍ നേതാവും രാഷ്ട്രീയ ബ്യൂറോയിലെ സീനിയര്‍ അംഗവുമായ ഖാലിദ് മഷാല്‍ എന്നിവരെയാണ് ഇസ്രായേല്‍ ലക്ഷ്യമാക്കിയത്.
ഈ നേതാക്കള്‍ യുഎസ് നിര്‍ദേശിച്ച വെടിനിര്‍ത്തല്‍ പ്രൊപ്പോസലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഒത്തുകൂടിയിരിക്കെയിരുന്നു ആക്രമണം. ഒക്ടോബര്‍ 7 ആക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കാളികളായിരുന്നു ഇവരെന്നാണ് ഇസ്രായേലിന്റെ ആരോപണം. കഴിഞ്ഞദിവസം ഇസ്രായേലിലെ റാമോട്ട് ജങ്ക്ഷന്‍ വെടിവയ്പ്പിനുള്ള പ്രതികാരവുമാണ് ഖത്തറിലെ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ ചാര സംഘടന മൊസാദ് നേതാക്കളുടെ വിവരം കൈമാറിയതോടെ യുദ്ധ വിമാനങ്ങള്‍ ഖത്തറിലെത്തി.
ഹമാസിന്റെ പ്രസ്താവന പ്രകാരം, ഇസ്രായേല്‍ ലക്ഷ്യമിട്ട എല്ലാ മുതിര്‍ന്ന നേതാക്കളും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍, 6 പേര്‍ കൊല്ലപ്പെട്ടു. കൂടാതെ, ഒട്ടേറെ സാധാരണക്കാര്‍ക്ക് പരിക്കുപറ്റി. കോമ്പൗണ്ട് പൂര്‍ണമായും തകര്‍ന്നു. ഹമാസ് നേതാക്കള്‍ രക്ഷപ്പെട്ടെങ്കിലും, ഈ ആക്രമണം അവരുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം.
ഇസ്രായേല്‍ ആക്രമണം ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ പ്രതികൂലമായി ബാധിച്ചു. ഖത്തര്‍, യുഎസിന്റെ സഖ്യകക്ഷിയും മധ്യസ്ഥരുമായിരുന്നതിനാല്‍, ആക്രമണം പ്രാദേശിക സ്ഥിരതയെ ബാധിക്കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഖത്തര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, വെടിനിര്‍ത്തലിനുള്ള മധ്യസ്ഥത തുടരുമെന്നാണ് റിപ്പോര്‍ട്ട്.