ഒരു സിനിമ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് ആ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. ചിത്രം പരാജയം ആയാൽ നേരത്തെയും സ്ട്രീമിംഗ് ആരംഭിക്കും. റിലീസ് ചെയ്ത് വർഷങ്ങളായി ഒടിടിയിൽ എത്താത്ത സിനിമകളും ഒരുപാടുണ്ട്. ഒടുവിൽ അത്തരമൊരു ചിത്രം ഒരു വർഷത്തിനിപ്പുറം ഇന്ന് മുതൽ ഒടിടിയിൽ എത്തിയിരിക്കുകയാണ്.
ഉർവശി, മുകേഷ്, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘അയ്യർ ഇൻ അറേബ്യ’ ആണ് ആ ചിത്രം. സൺ നെക്സ്റ്റിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ദുർഗാ കൃഷ്‍ണ, ഡയാന ഹമീദ്, ഷൈൻ ടോം ചാക്കോ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്‍ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്‍മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എം എ നിഷാദാണ്. തിരക്കഥയും ഒരുക്കിയിരിക്കുന്നത് എം എ നിഷാദ് തന്നെയാണ്. ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. സിദ്ധാർഥ് രാമസ്വാമിയും വിവേക് മേനോനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. വിഘ്‌നേഷ് വിജയകുമാറാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
ചിത്രം വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിച്ചത്. വിഘ്‍നേശ് വിജയകുമാറിന്റെ നിർമാണത്തിലുള്ള ആദ്യ ചിത്രമാണ് അയ്യർ ഇൻ അറേബ്യ. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രം എത്തിയത് ഒരു ആക്ഷേപഹാസ്യമായിട്ടാണ്. ഗാനരചന പ്രഭാ വർമ്മയ്‍ക്കും റഫീഖ് അഹമ്മദിനുമൊപ്പം ഹരിനാരായണൻ, മനു മഞ്ജിത് എന്നിവരും നിർവഹിച്ചിരുന്നു.