കൊച്ചി: പണത്തിനുവേണ്ടി എന്തും പരസ്യം ചെയ്യുന്ന രീതിയില്‍ നമ്മുടെ മാധ്യമങ്ങള്‍ അധപതിച്ചെന്ന വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. വെള്ളിയാഴ്ച പുറത്തിറങ്ങിയ പത്രങ്ങളുടെ ഒന്നാം പേജില്‍ വാര്‍ത്തയെന്ന് തോന്നിക്കുന്ന രീതിയിലാണ് പരസ്യം നല്‍കിയത്.
മലയാള മനോരമ, മാതൃഭൂമി, മാധ്യമം, സിറാജ്, സുപ്രഭാതം തുടങ്ങിയ പ്രമുഖ മലയാളം ദിനപത്രങ്ങളിലെല്ലാം ഒന്നാം പേജ് വാര്‍ത്ത കൊച്ചി ജെയിന്‍ ഡീംഡ് ടു-ബി യൂണിവേഴ്സിറ്റി അതിഥേയത്വം വഹിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചാരണാര്‍ത്ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളായിരുന്നു.
പരസ്യത്തിലെ നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി എന്ന ഭാഗം പലരേയും ആശയക്കുഴപ്പത്തിലാക്കിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചവര്‍ പറയുന്നു. നോട്ട് നിരോധിച്ചതുപോലെ പൊടുന്നനെ ഡിജിറ്റില്‍ കറന്‍സിയിലേക്ക് മാറിയോ എന്നാണ് പലരും ചിന്തിച്ചത്.
പത്രത്തിലേക്ക് സൂഷ്മമായി നോക്കിയാല്‍ മാത്രമേ മാര്‍ക്കറ്റിങ് ഫീച്ചര്‍ എന്ന് കാണാന്‍ സാധിക്കുകയുള്ളൂ. 'ലോകത്തെ ആദ്യ ആഴക്കടല്‍ നഗരം യാഥാര്‍ഥ്യമായി', 'കേരളത്തിലെ ആദ്യ റോബോ മന്ത്രി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു', 'ഗോളാന്തര കിരീടം പങ്കിട്ട് ഭൂമിയും ചൊവ്വയും' എന്നിങ്ങനെ പോകുന്നു മറ്റ് തലക്കെട്ടുകള്‍.
റിപ്പോര്‍ട്ടര്‍ ചാനലിലെ അരുണ്‍ കുമാര്‍ അവതരിപ്പിക്കുന്ന പ്രഭാത പരിപാടിക്കിടെ ഈ പരസ്യം വാര്‍ത്തകളെന്ന രീതിയില്‍ വായിക്കുന്നുണ്ടായിരുന്നു. അവതാരകന് ഇത് പരസ്യമാണെന്ന അറിവുണ്ടായിരുന്നില്ല എന്നാണ് ദൃശ്യം കാണുന്നവര്‍ക്ക് വ്യക്തമാകുന്നത്.
വായനക്കാരുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ള ദേശാഭിമാനി ഈ പരസ്യം പ്രസിദ്ധീകരിച്ചില്ല. ഇത് മാധ്യമ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നാണ് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജിന്റെ പ്രതികരണം. അതേസമയം, പരസ്യം പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിച്ചില്ല.