മുൻ കാമുകിയുമായി വേർപിരിയാൻ കാരണം നിർമിതബുദ്ധി; അനുഭവം വിവരിച്ച് ജെഫ്രി ഹിന്റണ്‍

06:52 PM Sep 08, 2025 |


ലോകത്തെ അതിവേഗം മാറ്റിമറിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മിതബുദ്ധി . തൊഴിലിടങ്ങളെ അത് പുനഃക്രമീകരിക്കുകയും വ്യക്തിജീവിതത്തെപ്പോലും പുനര്‍രൂപകല്‍പ്പന ചെയ്യുകയും ചെയ്തുതുടങ്ങി. എന്ത് കഴിക്കണം എന്ന് ചോദിക്കുന്നത് മുതല്‍ മനുഷ്യ ബന്ധങ്ങളെ ബാധിക്കുന്ന ഉപദേശം തേടുന്നത് വരെ ഇന്ന് പലരും ചാറ്റ്ജിപിടി പോലുള്ള എഐ ചാറ്റ്‌ബോട്ടുകളോടാണ്. ഇതെല്ലാം ഉപയോക്താക്കളുടെ കാര്യമാണ്. എന്നാല്‍ എഐ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ച അതിന്റെ സ്രഷ്ടാക്കളുടെ അനുഭവം എന്താണ്? അപ്രതീക്ഷിതമായ രീതികളില്‍ എഐ തങ്ങളുടെ ജീവിതത്തെയും സ്വാധീനിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എഐയുടെ തലതൊട്ടപ്പന്‍ എന്ന് അറിയപ്പെടുന്ന ജെഫ്രി ഹിന്റണ്‍.

മുന്‍ കാമുകി താനുമായി വേര്‍പിരിഞ്ഞതിന് പിന്നില്‍ ചാറ്റ്ജിപിടിക്കും പങ്കുണ്ടെന്ന് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ബന്ധത്തില്‍ വിള്ളലുണ്ടായപ്പോള്‍ മുന്‍ കാമുകി ചാറ്റ്ജിപിടിയുടെ സഹായം തേടിയെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 'ഞാന്‍ എത്ര മോശപ്പെട്ടവനായിരുന്നു എന്ന് പറയാന്‍ അവര്‍ ചാറ്റ്ജിപിടിയോട് ആവശ്യപ്പെട്ടു. ചാറ്റ്‌ബോട്ട് അതേക്കുറിച്ച് അവര്‍ക്ക് വിവരിച്ച് നല്‍കുകയും ചെയ്തിട്ടുണ്ടാകും. ഞാന്‍ അത്ര മോശക്കാരനാണെന്ന് എനിക്ക് തോന്നിയിരുന്നില്ല. അതിനാല്‍ എനിക്കത് വലിയ വിഷമമുണ്ടാക്കിയില്ല. എനിക്കിഷ്ടമുള്ള മറ്റൊരാളെ ഞാന്‍ കണ്ടുമുട്ടി, കാര്യങ്ങള്‍ അങ്ങനെയൊക്കെയാണല്ലോ.' - അദ്ദേഹം അഭിമുഖത്തില്‍ വിവരിച്ചു.

മനുഷ്യരുടെ ദൈനംദിന ജീവിതത്തെ എഐ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് വിവരിക്കാനാണ് അദ്ദേഹം സ്വന്തം അനുഭവംതന്നെ എടുത്തുകാട്ടിയത്. അതിലുപരിയായി എഐ ഉയര്‍ത്തുന്ന വലിയ വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത് തുടര്‍ന്നു. നിര്‍മ്മിത ബുദ്ധിയുള്ള യന്ത്രങ്ങള്‍ മനുഷ്യരെക്കാള്‍ വളരെ സമര്‍ഥരാകുമ്പോള്‍ അവയുടെ നിയന്ത്രണം നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടുള്ളതും ഏതാണ്ട് അസാധ്യവുമാകുമെന്ന് അദ്ദേഹം വാദിച്ചു. യന്ത്രങ്ങള്‍ മനുഷ്യബുദ്ധിയെ മറികടക്കാനുള്ള സാധ്യതയും ഹിന്റണ്‍ ചൂണ്ടിക്കാട്ടി. മിക്കവരും പ്രവചിക്കുന്നതിനെക്കാള്‍ വേഗത്തില്‍ അത് സംഭവിച്ചേക്കാം. 5- 20 വര്‍ഷത്തിനിടെ അത് സംഭവിക്കാമെന്ന് പല ശാസ്ത്രജ്ഞരും പ്രവചിക്കുന്നു.

എഐ അത്തരത്തിലുള്ള സൂപ്പര്‍ ഇന്റലിജന്‍സ് തലത്തില്‍ എത്തിക്കഴിഞ്ഞാല്‍ അതിന് മനുഷ്യരെ എല്ലാത്തരത്തിലും മറികടക്കാനുള്ള കഴിവുണ്ടാകാം. അത്തരം സാഹചര്യത്തില്‍ മനുഷ്യന് എങ്ങനെ എഐ യന്ത്രങ്ങളുടെ നിയന്ത്രണം നിലനിര്‍ത്താന്‍ കഴിയുമെന്നതിനെക്കുറിച്ച് അടിയന്തരമായി ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2023-ല്‍ ഗൂഗിള്‍ വിട്ടതിനുശേഷം എഐ ഉണ്ടാക്കുന്ന തൊഴില്‍നഷ്ടം മുതല്‍ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ മനുഷ്യരാശിക്കുതന്നെ ഭീഷണിയാകാനുള്ള സാധ്യത വരെയുള്ള അപകടങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് എഐയുടെ തലതൊട്ടപ്പനായ ജെഫ്രി ഹിന്റണ്‍.