മാധ്യമ പ്രവർത്തകരുടെ ലേഖനങ്ങൾ പ്രഥമദൃഷ്ട്യ രാജ്യദ്രോഹ കുറ്റമല്ല : സുപ്രീംകോടതി

01:35 PM Aug 14, 2025 | Neha Nair

ന്യൂഡൽഹി: മാധ്യമപ്രവർത്തകരുടെ വാർത്തയോ വിഡിയോയോ പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാകുന്ന പ്രവൃത്തിയല്ലെന്ന് സുപ്രീംകോടതി. ഓപറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേനക്ക് ജെറ്റുകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തതിന് രാജ്യദ്രോഹ വാർത്ത നൽകിയെന്ന് ആരോപിച്ച് അസം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഓൺലൈൻ വാർത്താപോർട്ടലായ ദ വയറിന്റെ എഡിറ്റർ സിദ്ധാർഥ് വരദരാജൻ, ഫൗണ്ടേഷൻ ഓഫ് ഇൻഡിപെൻഡന്റ് ജേണലിസം അംഗങ്ങൾ എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ജസ്‌റ്റിസുമാരായ സൂര്യകാന്ത്‌, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിർന്ന സുപ്രീംകോടതി അഭിഭാഷക നിത്യ രാമകൃഷ്ണൻ ഹരജിക്കാർക്കുവേണ്ടി ഹാജരായി.

രാജ്യദ്രോഹ കുറ്റത്തിന് ചുമത്തുന്ന സെക്ഷൻ 152 പ്രകാരം ഇത്തരം വിഷയങ്ങളിൽ കേസ് എടുക്കാൻ സാധിക്കില്ലെന്ന് നിരീക്ഷിച്ച ബെഞ്ച്, ഒരു മാധ്യമ സ്ഥാപനം പ്രസിദ്ധീകരിച്ച ലേഖനങ്ങളുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡി ചോദ്യം ചെയ്യൽ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി. ലേഖനം എഴുതിയതിന്റെ പേരിൽ അല്ലെങ്കിൽ വിഡിയോകൾ തയാറാക്കുന്നതിന്റെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എന്ന് വിഷയം പരിശോധിക്കവെ കോടതി ചോദിച്ചു.

കോടതി മാധ്യമപ്രവർത്തകരെ പ്രത്യേക വിഭാഗമായി തരംതിരിക്കുന്നില്ല. എന്നിരുന്നാലും ഒരു ലേഖനം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കു ഭീഷണി ഉയർത്തുന്നുണ്ടോ? ഇത് ഒരു ലേഖനമാണ്, ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നത് പോലെയല്ല.

രാജ്യദ്രോഹ കുറ്റം ചുമത്തുന്ന കേസുകളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമേ നിർവചിക്കാൻ സാധിക്കൂവെന്നും ബെഞ്ച് നിരീക്ഷിച്ചു. രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലം വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന ഇന്ത്യൻ പ്രതിരോധ അറ്റാഷെയുടെ പ്രസ്‌താവനയെ ഉദ്ധരിച്ച് നൽകിയ വാർത്തക്കെതിരെയാണ് അസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഇന്തോനേഷ്യൻ സർവകലാശാല സംഘടിപ്പിച്ച സെമിനാറിന്റെ വസ്തുതാപരമായ റിപ്പോർട്ടും ഇന്തോനേഷ്യയിലെ ഇന്ത്യയുടെ സൈനിക അറ്റാഷെ ഉൾപ്പെടെയുള്ള പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവനകളും മാത്രമാണ് ലേഖനത്തിൽ ഉൾപ്പെടുത്തിയതെന്നും മറ്റു മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടും തങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും ഹരജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.