ന്യൂഡൽഹി: മധ്യപ്രദേശ് ഹൈകോടതിയിലെ മലയാളി ജഡ്ജി ജസ്റ്റിസ് അതുൽ ശ്രീധരനെ അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലം മാറ്റി കേന്ദ്ര നിയമ, നീതി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഇദ്ദേഹത്തെ ഛത്തിസ്ഗഢ് ഹൈകോടതിയിലേക്ക് മാറ്റാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ ശിപാർശ കേന്ദ്ര സർക്കാർ വെട്ടിയത് വിവാദമായിരുന്നു.
ഇതിനു പിന്നാലെയാണ് മധ്യപ്രദേശ് ഹൈകോടതിയിലേക്ക് സ്ഥലം മാറ്റിയത്. മധ്യപ്രദേശ് ഹൈകോടതിയിൽ സീനിയോറിറ്റിയിൽ രണ്ടാമനായ ജസ്റ്റിസ് അതുൽ ശ്രീധരൻ, ഛത്തിസ്ഗഢിൽ സ്ഥാനമേറ്റിരുന്നെങ്കിൽ ചീഫ് ജസ്റ്റിസ് ആകുമായിരുന്നു.
അലഹബാദ് ഹൈകോടതിയിൽ ചുമതലയേൽക്കുന്നതോടെ അദ്ദേഹത്തിന്റെ സീനിയോറിറ്റി ഏഴാം സ്ഥാനത്താകും. ഓപറേഷൻ സിന്ദൂർ വാർത്തസമ്മേളനത്തിൽ പങ്കെടുത്ത കേണൽ സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന് വിളിച്ച മധ്യപ്രദേശിലെ ബി.ജെ.പി മന്ത്രി വിജയ് ഷാക്കെതിരെ നടപടിക്ക് ഉത്തരവിട്ടത് ജസ്റ്റിസ് അതുൽ ശ്രീധരനായിരുന്നു.
ഛത്തിസ്ഗഢിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് തടയാൻ ഇതിനുള്ള രാഷ്ട്രീയ പകപോക്കലാണ് കാരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ ജസ്റ്റിസ് അതുൽ ശ്രീധരൻ 2016ൽ ആണ് മധ്യപ്രദേശ് ഹൈകോടതി ജഡ്ജിയായത്.
മകൾ ഹൈകോടതിയിൽ പ്രാക്ടീസ് ആരംഭിച്ചതിനെ തുടർന്ന് 2023ൽ അദ്ദേഹത്തെ ജമ്മു-കശ്മീരിലേക്ക് സ്ഥലംമാറ്റുകയുണ്ടായി. ജമ്മു-കശ്മീർ ഹൈകോടതിയിൽ ജഡ്ജിയായിരിക്കെ അദ്ദേഹം കരുതൽ തടങ്കൽ കേസുകളിൽ കൂടുതൽ ജുഡീഷ്യൽ പരിശോധന നടത്തുകയും പൊതുസുരക്ഷ നിയമപ്രകാരമുള്ള നിരവധി കേസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. 2025ൽ മധ്യപ്രദേശ് ഹൈകോടതിയിലേക്ക് തിരിച്ചെത്തി.