+

യൂട്യൂബ് വീഡിയോയിലൂടെ കെഎം എബ്രഹാമിനെതിരെ അധിക്ഷേപ പരാമര്‍ശം; വിവാദമായതോടെ മാപ്പുപറഞ്ഞ് കെമാല്‍ പാഷ

കെമാല്‍ പാഷ വീഡിയോ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചുകൊണ്ട് വക്കീല്‍ നോട്ടീസിന് മറുപടി നല്‍കിയത്.

യൂട്യൂബ് വീഡിയോയിലൂടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ മാപ്പുപറഞ്ഞ് മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ. സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ അധിക്ഷേപ പരാമര്‍ശം വിവാദമായതോടെയാണ് വീഡിയോ പിന്‍വലിച്ച് കെമാല്‍ പാഷ ക്ഷമാപണം നടത്തിയത്. 'ജസ്റ്റിസ് കെമാല്‍ പാഷ വോയ്സ്' എന്ന പേരിലുളള യൂട്യൂബ് ചാനലിലൂടെ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കെതിരെ കെഎം എബ്രഹാം വക്കീല്‍നോട്ടീസ് അയക്കുകയായിരുന്നു. തുടര്‍ന്നാണ് കെമാല്‍ പാഷ വീഡിയോ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചുകൊണ്ട് വക്കീല്‍ നോട്ടീസിന് മറുപടി നല്‍കിയത്.

കെഎം എബ്രഹാമിനെതിരെ വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെയാണ് അധിക്ഷേപ പരാമര്‍ശങ്ങളുള്‍പ്പെട്ട വീഡിയോകള്‍ കെമാല്‍ പാഷ സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ചത്. ഏപ്രില്‍ പതിനൊന്നിനും ഇരുപത്തിയൊന്നിനും അപ്പ്ലോഡ് ചെയ്ത വീഡിയോകളിലാണ് അധിക്ഷേപ പരാമര്‍ശങ്ങളുണ്ടായിരുന്നത്. കെഎം എബ്രഹാമിനെ കാട്ടുകളളന്‍, അഴിമതി വീരന്‍, കൈക്കൂലി വീരന്‍ തുടങ്ങിയ പരാമര്‍ശങ്ങളിലൂടെയാണ് കെമാല്‍ പാഷ അധിക്ഷേപിച്ചത്.

facebook twitter