+

എൻറെ കാലയളവിൽ നേട്ടം മാത്രം, കോട്ടമില്ല, അത് വെട്ടിത്തുറന്ന് പറയാനുള്ള നട്ടെല്ലുണ്ട് : കെ. സുധാകരൻ

തൻറെ കാലയളവിൽ സംസ്ഥാനത്ത് കോൺഗ്രസ് കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ. സുധാകരൻ. പുതിയ കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫിന് ചുമതല കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്ഥാനമൊഴിയുന്ന സുധാകരൻ.

തിരുവനന്തപുരം: തൻറെ കാലയളവിൽ സംസ്ഥാനത്ത് കോൺഗ്രസ് കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ. സുധാകരൻ. പുതിയ കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫിന് ചുമതല കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്ഥാനമൊഴിയുന്ന സുധാകരൻ.

തെരഞ്ഞെടുപ്പുകളിൽ തിളക്കമാർന്ന ജയം നേടാൻ സാധിച്ചു. ഭൂരിപക്ഷ കണക്കുകളിലും കോൺഗ്രസിന് തന്റെ കാലയളവിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കാനായി. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് വേദിയിൽ നിൽക്കുന്നത്. പാർട്ടിയെ ജനകീയമാക്കി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കോളജുകൾ കെ.എസ്‌.യു തിരിച്ചുപിടിച്ചു. അവർക്ക് പിന്നിൽ കെ.പി.സി.സിയും ഉണ്ടായിരുന്നു. സി.പി.എമ്മിനെതിരെയുള്ള പോരാട്ടത്തിന് മുമ്പിൽ ഒരു പടക്കുതിരയെപ്പോലെ താൻ ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.

‘2021ൽ കെ.പി.സി.സി പ്രസിഡന്റായത് മുതൽ പാർട്ടിയെ ശക്തിപ്പെടുത്താനും ജനകീയമാക്കാനും തനിക്ക് കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അധ്യക്ഷനായിരുന്ന കാലയളവിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടാൻ സാധിച്ചിരുന്നു. മുന്നോട്ടേ പോയിട്ടുള്ളൂ. എന്റെ കാലയളവിൽ നേട്ടം മാത്രമാണ് എനിക്ക് ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളത്. കോട്ടമില്ല. അത് വെട്ടിത്തുറന്ന് പറയാനുള്ള നട്ടെല്ലെനിക്ക് ഉണ്ട്. അങ്ങനെ പറയുന്നത് യാഥാർഥ്യബോധ്യത്തോടെയാണ്.

ലോക്‌സഭയിൽ 18 സീറ്റ് നേടാൻ കഴിഞ്ഞതിനപ്പുറം ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണിക്ക് 20 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടാനുമായി. സി.യു.സികൾ രൂപവ്തകരിച്ചെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. എന്റെ പിൻഗാമി സണ്ണിയെ അത് പൂർത്തീകരിക്കാൻ ഏൽപ്പിക്കുകയാണ്. എല്ലാ തലത്തിലും സംഘടനയെ ചലിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനംകൊള്ളുന്നു. ആസന്നമായ നിയമസഭാ-തദ്ദേശ തെരഞ്ഞെടുപ്പുകളെ നേരിടാൻ കർമ്മ പദ്ധതികൾ തയാറാക്കിയാണ് മുന്നോട്ട് പോകുന്നത്’ -സുധാകരൻ പറഞ്ഞു.

കോൺഗ്രസിനകത്ത് ഗ്രൂപ്പ് കലാപം ഇന്നില്ലാതെ പോയത് നമ്മുടെ ഐക്യത്തിന്റെ കരുത്താണ്. പ്രവർത്തകരാണ് ശക്തി. അവരോടൊപ്പം എന്നുമുണ്ടാകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കെ.പി.സി.സി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് എം.എൽ.എയും യു.ഡി.എഫ് കൺവീനറായി അടൂർ പ്രകാശ് എം.പിയും ചുമതലയേറ്റെടുത്തു. കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥ് എം.എൽ.എ, എ.പി. അനിൽകുമാർ എം.എൽ.എ, ഷാഫി പറമ്പിൽ എം.പി എന്നിവരും സ്ഥാനമേറ്റെടുത്തു. കെ.പി.സി.സി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ചുമതല ഏറ്റെടുത്തത്.

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ കെ.പി.സി.സി അധ്യക്ഷൻമാർ, എം.പിമാർ, എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിനെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണികൾ നടത്തിയത്. നിലവിലെ യു.ഡി.എഫ് കൺവീനറായ എം.എം. ഹസ്സൻ, വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദീഖ് എന്നിവരെ പദവിയിൽനിന്ന് നീക്കിയാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.

 

facebook twitter