+

കൈതപ്രം വെടിവെപ്പ്, രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെ ചോദ്യം ചെയ്തു, കൊലപാതകത്തിന് മുന്‍പും ശേഷവും സന്തോഷ് യുവതിയെ ഫോണ്‍ വിളിച്ചു, ഫോണ്‍വിളി കൊലപാതകത്തിന് പ്രേരണയായെന്ന് പ്രതി

കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവ് മാതമംഗലം പുനിയങ്കോട് വടക്കേടത്തുവീട്ടില്‍ കെ കെ രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഭാര്യ മിനി നമ്പ്യാരെ പോലീസ് ചോദ്യം ചെയ്തു.

കണ്ണൂര്‍: കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവ് മാതമംഗലം പുനിയങ്കോട് വടക്കേടത്തുവീട്ടില്‍ കെ കെ രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഭാര്യ മിനി നമ്പ്യാരെ പോലീസ് ചോദ്യം ചെയ്തു. ബിജെപി ജില്ലാ കമ്മറ്റി അംഗം കൂടിയായിരുന്ന മിനിയുമായുള്ള പ്രതി സന്തോഷിന്റെ അടുപ്പമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് വിലയിരുത്തല്‍.

കേസിലെ പ്രതിയായ സന്തോഷിനെ ചോദ്യംചെയ്തതിലൂടെയും ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍വിളികള്‍ സംബന്ധിച്ച സിഡിആര്‍ വിവരങ്ങള്‍ പോലീസ് പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് മിനി നമ്പ്യാരെ ചോദ്യം ചെയ്തത്.

കൊലപാതകത്തിനുമുമ്പും ശേഷവും സന്തോഷും മിനി നമ്പ്യാരും ഫോണില്‍ ബന്ധപ്പെട്ടതായി വ്യക്തമായതായാണ് വിവരം. ഇവരുടെ അതിരുകടന്ന സൗഹൃദം സംബന്ധിച്ച വിവരങ്ങള്‍ പോലീസ് തേടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് മുന്‍പ് നിലവിലുള്ള പരാതികളും പോലീസ് ഒത്തുനോക്കി.

മിനി നമ്പ്യാരെ കേസില്‍ പ്രതിയാക്കുമോയെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. മിനിയുടെ ഫോണ്‍വിളി കൊലപാതകത്തിന് പ്രേരണയായെന്ന് സന്തോഷ് മൊഴി നല്‍കിയിരുന്നു. സന്തോഷുമായുള്ള അടുപ്പത്തെചൊല്ലി രാധാകൃഷ്ണന്‍ വീട്ടില്‍ വഴക്കുണ്ടാക്കി. ഇക്കാര്യം മിനി സന്തോഷിനെ അറിയിച്ചതാണ് വൈരാഗ്യത്തിന് കാരണമായത്. രാധാകൃഷ്ണന്‍ മര്‍ദ്ദിച്ച കാര്യം മിനി നമ്പ്യാര്‍ സന്തോഷിനോട് പറഞ്ഞ ദിവസമാണ് വെടിവയ്പുണ്ടായതെന്ന് പോലീസ് കണ്ടെത്തി.

മാര്‍ച്ച് 20ന് വൈകിട്ടായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കൊലയ്ക്കുശേഷം രാധാകൃഷ്ണന്റെ ഫോണ്‍ ഉപയോഗിച്ച് സന്തോഷ് മൂന്നുപേരെ വിളിച്ചു. രാധാകൃഷ്ണന്റെ മംഗളൂരുവിലുള്ള മകനെയും മിനിയുടെ അമ്മയെയും മറ്റൊരു ബന്ധുവിനെയുമാണ് കൊലപാതകവിവരം അറിയിച്ചത്. ആറു മാസമായി നാടന്‍തോക്ക് സന്തോഷിന്റെ കൈവശമുണ്ടായിരുന്നു.

 

facebook twitter