റെഡ് അലേർട്ട് ദിവസം ഉത്തരവ് ലംഘിച്ച് പ്രവർത്തിച്ച കൽപ്പറ്റയിലെ ട്യൂഷൻ സെൻ്റർ പൂട്ടാൻ നിർദ്ദേശം

10:05 AM Jul 21, 2025 | Kavya Ramachandran

കല്‍പ്പറ്റ: റെഡ് അലേർട്ട് ദിവസം കളക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിച്ച ട്യൂഷൻ സെൻ്റർ പൂട്ടാൻ നിർദ്ദേശം. കല്‍പ്പറ്റ വുഡ്‌ലാന്റ് ഹോട്ടലിനു സമീപം പ്രവര്‍ത്തിക്കുന്ന 'വിന്റേജ്' ട്യൂഷന്‍ സെന്ററിന്റെ പേരിലാണ് കേസെടുത്തത്. വയനാട് ജില്ലയില്‍ മഴ ശക്തമായതിനെത്തുടര്‍ന്ന് ചുവപ്പു ജാഗ്രത പ്രഖ്യാപിച്ച ദിവസം ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിച്ചതിനാണ് കേസ്.

കളക്ടറുടെ ഉത്തരവ് ലംഘിച്ചതിനും പൊതുജനസുരക്ഷയ്ക്ക് വീഴ്ചയുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനുമാണ് കേസെടുത്തത്. ചുവപ്പുജാഗ്രത പ്രഖ്യാപിച്ച ദിവസം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിക്കുകയും ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വിന്റേജ് ട്യൂഷന്‍ സെന്റര്‍ ഇത് ലംഘിക്കുകയായിരുന്നു. ട്യൂഷന്‍ സെന്ററിലെത്തിയ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും സ്ഥാപനത്തിന് വീഴ്ചപറ്റി. പരിശോധനയില്‍ സ്ഥാപനത്തിന് ലൈസന്‍സില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് സ്ഥാപനം പൂട്ടാന്‍ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.