വടക്കേ മലബാറിന്റെ ഹൃദയ താളമാണ് തെയ്യങ്ങൾ. ആശങ്കകളും വിഷമങ്ങളും പറഞ്ഞ് മറുപടിയിൽ ആശ്വാസം കണ്ടെത്തുന്ന ഭക്തർ .ഇവിടെ ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകളില്ല. കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവർണാങ്കിതമായ ആടയാഭരണങ്ങൾ. വട്ടമുടി, പീലിമുടി, വെറ്റിലമുടി, താളിമുടി, വലിയമുടി, കാളിമുടി തുടങ്ങിയ തിരുമുടികൾ. ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴൽ, തകിൽ തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടി. ലാസ്യ താണ്ഡവ നൃത്തങ്ങൾ ഇവയെല്ലാം സമ്മേളിക്കുന്നതാണ് വടക്കിന്റെ തെയ്യം.
തുലാമാസം പത്താം തീയതി കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്‌ഠൻ ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് വടക്കേ മലബാറിലെ തെയ്യക്കാലം ആരംഭിക്കുന്നത്. ഇടവപ്പാതിയിൽ വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നൻപുറത്ത് കാവിൽ കലശം എന്നിവയോടെ കളിയാട്ടക്കാലം അവസാനിക്കും.
ചെണ്ടമേളത്തിന്റെ ലഹരിയിൽ തെയ്യങ്ങൾ ഉറഞ്ഞാടുമ്പോൾ കാണുന്നവനിൽ ജനിക്കുന്ന വികാരം വാക്കുകൾക്കതീതമാണ്. പത്താമുദത്തോടെ ഉണരുന്ന കാവുകളിൽ മുൻപേ നിശ്ചയിച്ച തീയതികളിൽ തെയങ്ങൾ ആടിത്തുടങ്ങും. കാവധികാരികൾക്കും നാട്ടുകാർക്കും തെയ്യം കെട്ടാൻ നിശ്ചയിച്ചവർക്കും തീയതികൾ ഹൃദ്യസ്ഥമായിരിക്കും. വർഷത്തിലൊരിക്കൽ, രണ്ടുവർഷം കൂടുമ്പോൾ ഉള്ള വേളകളിൽ തെയ്യം നടത്തുന്ന കാവുകൾ ഉണ്ട്. നടത്തുന്ന ഇടവേള 12 വർഷം പിന്നിടുമ്പോഴാണ് പെരുങ്കളിയാട്ടം എന്നറിയപ്പെടുന്നത്.
ചൂട്ടുകറ്റുകളുടെ പ്രകാശത്തിൽ മിന്നുന്ന ഉടയാടകളും മനമയക്കുന്ന മുഖത്തെഴുത്തും കാണാൻ നാടിന്റെ നാനാഭാഗത്തുനിന്നും ആളുകളെത്തുന്നു. വടക്കിന്റെ ജീവിത വിശ്വാസത്തെ സ്വാധീനിക്കുന്നത്തിൽ തെയ്യങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ഓരോ ദൈവത്തിന്റെയും രക്ഷാ ശിക്ഷ കഥകൾ ജനങ്ങളുടെ വിശ്വാസങ്ങളിൽ ഊന്നി തലമുറകളിലൂടെ കൈമാറി വരുന്നു. എത്ര വായിച്ചാലും കേട്ടറിഞ്ഞാലും തീരാത്തതാണ് തെയ്യങ്ങളുടെ മാസ്മരിക പ്രപഞ്ചത്തിന്റെ വശ്യ സൗന്ദര്യം.
മനുഷ്യജീവിതത്തിന്റെ അനേകം പൊരുളുകൾ ഓരോ തെയ്യങ്ങൾക്കും പറയാനുണ്ടാകും. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മറക്കാനാവാത്ത ബന്ധങ്ങളും ഓരോ കാവുകളിലും ദർശിക്കാൻ സാധിക്കും.
തെയ്യങ്ങൾ കുടികൊള്ളുന്ന കാവുകൾ വടക്കൻ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. നാഗക്കാവുകളും അമ്മ ദൈവങ്ങൾ കുടികൊള്ളുന്ന കാവുകളും കേരളത്തിൽ നമുക്ക് കാണാം. താന്ത്രിക വിധിപ്രകാരം പണിതീർക്കപ്പെടുന്ന ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായാണ് തെയ്യക്കാവുകൾ നിർമ്മിക്കുന്നത്. കിം പുരുഷ രൂപമാണ് തെയ്യക്കാവുകളുടെ മുഖമുദ്ര.പള്ളിയറയിൽ നിറഞ്ഞു കത്തുന്ന ദീപവും പീഠവും ദൈവ സങ്കൽപ്പത്തിലുള്ള ആയുധങ്ങളും കാവുകളുടെ മാത്രം പ്രത്യേകതയാണ്.
മുഖത്തെഴുത്ത് വിദഗ്ധരും തോറ്റം പാട്ടുകാരും ചമയങ്ങളിലും ചെണ്ടയിലും പ്രാവീണ്യം നേടിയവരും എല്ലാം ഈഴകിച്ചേർന്നാൽ മാത്രമേ ഒരു തെയ്യം അതിന്റെ പൂർണ്ണതയിലെത്തൂ. സവർണ ജാതി തമ്പുരാക്കന്മാരുടെ ജാതിപ്പകയിൽ എറിഞ്ഞടങ്ങിയോരും മനംനൊന്ത് ആത്മഹത്യ ചെയ്തവരിൽ നിന്നും ഉരുത്തിരിഞ്ഞതാണ് മലബാറിലെ തെയ്യങ്ങൾ .കതിവന്നൂർ വീരൻ മുതൽ മുച്ചിലോട്ട് ഭഗവതി വരെ വീഴുന്നു ഈ കഥകൾ.
തെയ്യങ്ങൾ നൽകുന്ന അരിയും മഞ്ഞളും പൊടിച്ച പ്രസാദത്തിന് രോഗപീഠം തടയാനുള്ള ഔഷധവീര്യമുണ്ട്. ഗുണം വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവരുടെ സങ്കടങ്ങൾക്ക് തെയ്യങ്ങൾ ഓരോന്നും മറുപടിയും പറയും.
തെയ്യങ്ങളുടെ കൂട്ടത്തിൽ മാവേലിയുടെ തെയ്യവും രാവണന്റ്റെ തെയ്യവും മുതൽ മുസ്ലിം തെയ്യവുമുണ്ട്. കനലിലും തീയിലും ചാടുന്ന തെയ്യം, കോഴിയെ കടിച്ചു മുറിച്ച് ചോര കുടിക്കുന്ന തെയ്യം,വൈവിധ്യങ്ങളാണ് വടക്കൻ കാവുകളിൽ ഓരോ ഭക്തനെയും കാത്തിരിക്കുന്നത്. ഒരു നിശ്ചിത ദൂരത്തിൽ മാറിനിന്ന് പ്രാർത്ഥിക്കുന്ന സാഹചര്യമാണ് ക്ഷേത്രങ്ങളിൽ എങ്കിൽ ഭക്തരുടെ കൈപിടിച്ച് കുറി നൽകി നേരിട്ട് ആധി-വ്യാധികൾ അകറ്റുന്നതാണ് തെയ്യങ്ങളെ ജനപ്രിയമാക്കുന്നത്.
തെയ്യങ്ങളിൽ ഏറ്റവും പ്രസിദ്ധിയാർജിച്ചത് കതിവന്നൂർ വീരനാണ്. സർവ്വജ്ഞപീഠം കീഴടക്കിയ ശങ്കരാചാര്യരെ തിരുത്തിയ പൊട്ടൻ തെയ്യം, ചുട്ടുകൊള്ളുന്ന അഗ്നിയെ മഞ്ഞുതുള്ളി ആക്കിയ വിഷ്ണുമൂർത്തി,
വൈദ്യനായ ചെത്തുകാരന്റെ മകനെ ചതിച്ചു കൊന്നപ്പോൾ ഉയിർകൊണ്ട വിഷകണ്ഠനും മലയന്റെ മെയ്യേറി ഉറഞ്ഞാടുന്ന അമ്മതെയ്യം രക്തചാമുണ്ഡിയും തുടങ്ങി ഉത്തരകേരളത്തിൽ യശസ്സ് ഉയർത്തുന്ന തെയ്യങ്ങൾ നിരവധിയാണ് .
അങ്കകുളങ്ങര ഭഗവതി, രക്തചാമുണ്ഡി, തീ ചാമുണ്ഡി, പുലി ചാമുണ്ഡി, ചൂളിയാർ ഭഗവതി, മൂവാളം കുഴിച്ചാമുണ്ഡി, ഒറവങ്കര ഭഗവതി എന്നീ സ്ത്രീദേവതകളും ക്ഷേത്രപാലൻ, വൈരജാതൻ, വേട്ടയ്‌ക്കൊരുമകൻ, പടവീരൻ, വിഷ്‌ണുമൂർത്തി തുടങ്ങിയ പുരുഷദേവതകളും പടകളിൽ പങ്കെടുത്തവരാണെന്നാണ് സങ്കൽപം. കരിയാത്തൻ, ഗുളികൻ, ചാമുണ്ഡി, കാരണവർ, തുടങ്ങി ഏതാണ്ട് അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്. ഇവരെല്ലാം ആണും പെണ്ണുമില്ലാതെ, പ്രായവ്യത്യാസമില്ലാതെ, ജാതിമത ഭേദമില്ലാതെ പാതിരാത്രിയിലും തണുപ്പിലും തെയ്യം കാണാനെത്തുന്നവരോട് പറയും ഗുണം വരട്ടെ ......