തിരുവല്ല : തിരുവല്ലയിലെ തുകലശ്ശേരിയിൽ യാത്രയ്ക്കിടെ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർ അറസ്റ്റിലായി. പന്തളം ഡിപ്പോയിലെ കണ്ടക്ടർ സുധീഷിന്റെ അറസ്റ്റ് ആണ് തിരുവല്ല പോലീസ് രേഖപ്പെടുത്തിയത്. അസഭ്യം പറയുക മർദ്ദിക്കുക എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ശനിയാഴ്ച രാവിലെ പത്തരയോടെ സ്റ്റേഷനിൽ ഹാജരായ സുധീഷിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവം സംബന്ധിച്ച് ഫോട്ടോ ഉൾപ്പെടെ മാധ്യമം വാർത്ത നൽകിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ എം.സി
റോഡിലെ തുകലശ്ശേരിയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
പന്തളത്തു നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന പന്തളം ഡിപ്പോയിലെ കെ.എൽ 15 - 9293 ഓർഡിനറി ബസ്സിലെ കണ്ടക്ടർ
മർദിച്ചതായാണ് പരാതി. തിരുമൂലപുരത്തെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഹർഷദ് ഹരിഹരൻ സുഹൃത്തുക്കളുമൊത്ത് തിരുമൂലപുരത്തു നിന്നും ആണ് ബസ്സിൽ കയറിയത്.തുകലശ്ശേരി ഭാഗത്ത് എത്തിയപ്പോൾ യാത്രക്കാരൻ ആരോ ബസിന്റെ മണിയടിച്ചു. ഇതോടെ ബസിന്റെ കമ്പിയിൽ പിടിച്ചു. നിൽക്കുകയായിരുന്ന തന്നെ കണ്ടക്ടർ അസഭ്യം പറയുകയും മുഖത്തടിക്കുകയും ബസ്സിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു എന്നതായിരുന്നു ഹർഷദിന്റെ പരാതി. സംഭവം കണ്ട സമീപവാസികൾ ചേർന്ന് ബസ് തടഞ്ഞുനിർത്തി.
തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ ഡ്രൈവർ ബസ് ഓടിച്ചു പോയി. അതേസമയം യാത്രക്കിടെ മർദ്ദനമേറ്റുവെന്ന് പറയുന്ന വിദ്യാർഥി മൂന്നുവട്ടം തുടർച്ചയായി മണിയടിച്ചതായും ഇതേ തുടർന്ന് മണിയുടെ ചരടിനോട് ചേർന്ന് കമ്പിയിൽ പിടിച്ചിരുന്ന വിദ്യാർഥിയുടെ കൈ തട്ടി മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് കണ്ടക്ടറുടെ വാദം.