കാഞ്ഞങ്ങാട് വ്യാജ സർട്ടിഫിക്കേറ്റുകൾ നിർമ്മിച്ച് നൽകി തട്ടിപ്പ് : മൂന്നുപേർ പേർ റിമാൻഡിൽ

04:15 PM May 14, 2025 |


 കാഞ്ഞങ്ങാട് :വ്യാജ സർട്ടിഫിക്കേറ്റുകളും വ്യാജ രേഖകളും നിർമ്മിച്ചു പണം തട്ടുസംഘത്തിലെ മൂന്ന് പേർ റിമാൻഡിൽ .കാഞ്ഞങ്ങാട് പുതിയകോട്ടയിലെ 'നെറ്റ് ഫോർ യു' സ്‌ഥാപന ഉടമ കൊവ്വൽ പള്ളിയിലെ കെ.സന്തോഷ് (45), കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയും ചെറുവത്തൂർ മുഴക്കോത്ത് നന്ദപുരത്ത് താമസിക്കുന്ന പി.രവീന്ദ്രൻ (51), ഹൊസ്‌ദുർഗ് കടപ്പുറത്തെ മുഷ്റ മൻസിൽ എച്ച്. കെ.ഷിഹാബ് (38) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ എസ്ഐമാരായ ടി. അഖിൽ, ഏ.ആർ.ശാർങ്‌ധരൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. 

പ്രതികളിൽ നിന്നും ആയിരത്തിലധികം രേഖകളുടെ പകർപ്പുകളും ഹാർഡ് ഡിസ്‌കുകളും കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിലും ഒട്ടേറെ വ്യാജരേഖകൾ പൊലീസ് പിടികൂടി. കേരളത്തിനകത്തും പുറത്തുമായിയുള്ള വിവിധ സർവകലാശാലകളുടെ സർട്ടിഫിക്കേറ്റുകൾ, ആധാർ കാർഡ്,  പാസ്പോർട്ട്, രാജ്യാന്തര ഡ്രൈവിങ് ലൈൻസുകൾ,  വിവിധ സ്ഥാപനങ്ങളുടെ എക്സ്പിരിയൻസ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ മിക്ക രേഖകളുടെയും വ്യാജ പതിപ്പുകൾ നിർമ്മിച്ചു നൽകുന്ന വൻ റാക്കറ്റിൽപ്പെട്ടവരാണ് പിടിയിലായത്.
 പുതിയകോട്ടയിലെബസ് സ്റ്റോപ്പിന് സമീപത്തെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന  നെറ്റ് ഫോർ യു കംപ്യൂട്ടർ സെൻ്റർ കേന്ദ്രീകരിച്ചാണ് സംഘത്തിൻ്റെ പ്രവർത്തനം. സ്ഥാപന ഉടമയായ സന്തോഷിൻ്റെ അറിവോടെയാണ് രവീന്ദ്രനും ഷിഹാബും ചേർന്നു വ്യാജരേഖകൾ നിർമ്മിച്ചത്.

Trending :

 ഡിടിപി ഓപ്പറേറ്റർ കൂടിയായ രവീന്ദ്രനാണ് വ്യാജരേഖകൾ തയാറാക്കുന്നത്. പിന്നീട് ഷിഹാബിൻ്റെ വീട്ടിൽ വച്ചാണ് പ്രിന്റ് അടക്കമുള്ള മറ്റുകാര്യങ്ങൾ ചെയ്യുന്നത്.
ഷിഹാബാണ് ആവശ്യക്കാർക്ക് വ്യാജശേഖകൾ വിതരണം ചെയ്യുന്നത്.ഷിഹാബിൻ്റെ വീട്ടിൽ നിന്നു പ്രിൻ്ററും പേപ്പറുകളും സർട്ടിഫിക്കേറ്റുകളും  പോലീസ് നടത്തിയ റെയ്ഡിൽ കണ്ടെത്തി. രവീന്ദ്രൻ്റെ മുഴക്കോത്തെ വീട്ടിൽ ചീമേനി സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.  രഹസ്യ വിവരത്തിൻ്റെ അടിസ്‌ഥാനത്തിലാണ് പോലീസ് മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയത്. കൂടുതൽ പേർക്ക് തട്ടിപ്പുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ പ്രതികളെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.