കണ്ണൂരിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേകി പറന്നുയരാൻ കൊതിച്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.കണ്ണൂർകാരുടെ മാത്രമല്ല കാസർഗോഡ്, വയനാട് ജില്ലകളിലെ പ്രവാസികളുടെയും സ്വപ്നമായിരുന്നു. അതുകൊണ്ടുതന്നെ 2018 ഡിസംബർ 9 നു കേരളത്തിലെ നാലാമത്തെതും ഏറ്റവും വലുതുമായ ഈ വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തപ്പോൾ അത് വലിയൊരു ആഘോഷമാക്കി തീർക്കുകയായിരുന്നു അവർ ഓരോരുത്തരും. എന്നാൽ പ്രവർത്തനമാരംഭിച്ച് നാലുവർഷം പിന്നിടുമ്പോൾ കണ്ണൂർ വിമാനത്താവളത്തിന് സംഭവിക്കുന്നത് എന്താണ്? പ്രവർത്തനം ആരംഭിച്ച ആദ്യവർഷം തന്നെ നിർണായകമായ പല നേട്ടങ്ങളും കൈവരിച്ച വിമാനത്താവളത്തിന് ഇപ്പോൾ പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കുകളാണോ? ആർക്കാണ്.. എവിടെയാണ് പിഴച്ചത്?
ആദ്യ വിമാനം സർവീസ് ആരംഭിച്ച ശേഷം വെറും 9 മാസം കൊണ്ട് പ്രതിദിന സർവീസുകളുടെ എണ്ണം 50 എത്തി,ആദ്യത്തെ പത്തുമാസം കൊണ്ട് പത്തുലക്ഷം യാത്രക്കാരെ നേടി,ഒരു വർഷം പിന്നിടുന്നതിന് മുൻപേ തന്നെ ആഴ്ചയിൽ 65 രാജ്യാന്തര സർവീസുകൾ നടത്തി, 2021 ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ ഏറ്റവുമധികം അന്താരാഷ്ട്ര യാത്രക്കാർ ഉപയോഗിച്ച ഇന്ത്യയിലെ ആദ്യ 10 വിമാനത്താവളങ്ങളുടെ പട്ടികയിലും ഇടം നേടി,ഹജ്ജ് എംബാർക്കേഷൻ പോയിന്റ് ആയി തിരഞ്ഞെടുത്തു.. ഇതെല്ലാം കണ്ണൂർ വിമാനത്താവളത്തിന്റെ നേട്ടങ്ങളുടെ പട്ടികയിലെ ചുരുക്കം ചിലത് മാത്രമാണ്.
എന്നാൽ ഇന്ന് കണ്ണൂരിൽനിന്നും വലിയ വിമാനങ്ങളുപയോഗിച്ച് ദേശീയ, അന്താരാഷ്ട്ര സർവീസുകൾ നടത്തിയിരുന്ന എയർ ഇന്ത്യ കണ്ണൂരിൽ നിന്നുള്ള സർവീസുകൾ അവസാനിപ്പിച്ച് കഴിഞ്ഞു. കണ്ണൂരിനെ ഹബ്ബായി പ്രഖ്യാപിച്ച് പ്രതിമാസം 240 സർവീസുകൾ നടത്തിയിരുന്ന ഗോ ഫസ്റ്റിന്റെ വിമാനങ്ങൾ പൂർണമായും റദ്ദ് ചെയ്യപ്പെട്ടു.
വിദേശ വിമാനങ്ങൾക്ക് സർവീസ് നടത്താൻ ആവശ്യമായ ‘പോയന്റ് ഓഫ് കോൾ’ പദവിക്കായി തുടക്കം മുതൽ കേന്ദ്ര സർക്കാരിനോട് അപേക്ഷിച്ചിരുന്നുവെങ്കിലും ഈ അനുമതി നിഷേധം ഇപ്പോഴും തുടരുന്നതും കിയാലിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്.കണ്ണൂർ വിമാനത്താവളം മെട്രോ നഗരത്തിൽ അല്ല എന്ന ഒറ്റ കാരണത്താലാണ് വ്യോമയാന മന്ത്രാലയം വിദേശ വിമാനങ്ങളുടെ സർവീസിന് അനുമതി നൽകാത്തത്. നിലവിൽ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മാത്രമാണ് അന്താരാഷ്ട്ര വിമാനസർവീസുകളുളളത് . എന്നാൽ കൂടിയ ടിക്കറ്റ് നിരക്ക് കാരണം ഭൂരിഭാഗം ആളുകളും മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാകുകയാണ്. അതേസമയം രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരുടെ അടുത്ത ബന്ധുക്കലായതിനാൽ മാത്രം ജോലിയിൽ പ്രവേശിച്ച ജീവനക്കാരുടെ യാത്രക്കാരോടുള്ള മോശം പെരുമാറ്റവും മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കാൻയാത്രക്കാരൻ നിർബന്ധിതരാക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.ഏതായാലും ഇനി അങ്ങോട്ടുള്ള കാലയളവിൽ കണ്ണൂർ വിമാനത്താവളത്തിന്റെ അവസ്ഥ എന്താകുമെന്ന് കണ്ടുതന്നെ അറിയണം .