+

വികസനമില്ലാതെ വീര്‍പ്പുമുട്ടി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍, പുതിയ പ്ലാറ്റ്‌ഫോമും ഫൂട്ട് ഓവര്‍ ബ്രിഡ്ജും വേണം, വരുമാനം കുന്നുകൂടുമ്പോഴും പുറംന്തിരിഞ്ഞ് റെയില്‍വെ

കണ്ണൂര്‍ : യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ മുന്നിലുള്ള കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ വികസനമില്ലാതെ വീര്‍പ്പുമുട്ടുന്നു. വര്‍ഷങ്ങളോളമായുള്ള യാത്രക്കാരുടെ നിരന്തരമായ ആവശ്യങ്ങളൊന്നും അംഗീകരിക്കാതെ പുറംന്തിരിഞ്ഞ് നില്‍ക്കുകയാണ് റെയില്‍വെ അധികൃതര്‍.

കണ്ണൂര്‍ : യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ മുന്നിലുള്ള കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ വികസനമില്ലാതെ വീര്‍പ്പുമുട്ടുന്നു. വര്‍ഷങ്ങളോളമായുള്ള യാത്രക്കാരുടെ നിരന്തരമായ ആവശ്യങ്ങളൊന്നും അംഗീകരിക്കാതെ പുറംന്തിരിഞ്ഞ് നില്‍ക്കുകയാണ് റെയില്‍വെ അധികൃതര്‍.

വികസനക്കുതിപ്പിന് ഉതകുന്ന സ്ഥലമുണ്ടായിട്ടും അത് സ്വകാര്യ വ്യക്തിക്ക് 49 വര്‍ഷത്തെ പാട്ടത്തിന് നല്‍കുകയാണ് ചെയ്തത്. ആകെ മൂന്ന് ഫ്‌ലാറ്റ് ഫോമുകള്‍ മാത്രമുള്ള ഇവിടെ നാലാമത്തെ പ്ലാറ്റ്‌ഫോമിനായി മുറവിളി തുടങ്ങിയിട്ട് ഏറെക്കാലമായി.

പതിനൊന്ന് തീവണ്ടികള്‍ യാത്ര ആരംഭിക്കുന്ന സ്റ്റഷനാണ് കണ്ണൂര്‍. ഒരു തീവണ്ടിപോലും യാത്ര തുടങ്ങാത്ത കോട്ടയത്തിന് 6 പ്ലാറ്റ്‌ഫോമുകളുള്ളപ്പോഴാണ് കണ്ണൂരിന്റെ ദുരവസ്ഥ. തീവണ്ടികള്‍ നിര്‍ത്തിയിടാന്‍ സൗകര്യമുണ്ടായാല്‍ ഇവിടെനിന്നും കൂടുതല്‍ ട്രെയിനുകള്‍ക്ക് യാത്ര തുടങ്ങാനാകും.

സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലെ റെയില്‍വെ സ്റ്റേഷനുകളും അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി 500 കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനം നടക്കുമ്പോള്‍ കണ്ണൂരില്‍ 20 കോടി രൂപയില്‍ താഴെയുള്ള പ്രവര്‍ത്തികള്‍ മാത്രമാണ് നടക്കുന്നത്.

തിരക്കേറിയ റെയില്‍വെ സ്റ്റേഷനുകളിലൊന്നായിട്ടും കണ്ണൂരിലെ ഫൂട്ട് ഓവര്‍ബ്രിഡ്ജ് വീതി കൂട്ടാനോ പുതിയവ നിര്‍മിക്കാനോ റെയില്‍വെ തയ്യാറാകുന്നില്ല. ജനശതാബ്ദി എക്‌സ്പ്രസ് ആഴ്ചയില്‍ 7 ദിവസവും സര്‍വീസ് നടത്തണമെന്ന ആവശ്യവും ശക്തമാണ്. കോഴിക്കോട് വരെയുള്ള ജനശതാബ്ദി കണ്ണൂര്‍ വരെ നീട്ടാനുള്ള ആവശ്യത്തിനും റെയില്‍വെ സ്‌റ്റേഷന്‍ വികസനം തടസ്സം നില്‍ക്കുകയാണ്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 7.19 ഏക്കര്‍ സ്ഥലം സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയതോടെ നാലാം പ്ലാറ്റ്ഫോം നിര്‍മാണം ഇനി നടക്കുമോ എന്നത് സംശയമാണ്. റെയില്‍വേ സ്റ്റേഷന്റെ വികസനം ഇല്ലാതാക്കുന്ന പാട്ടംകൊടുക്കലിനെതിരെ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്താനോ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനോ കണ്ണൂര്‍ എംപി എന്ന നിലയില്‍ കെ സുധാകരന് സാധിക്കുന്നില്ലെന്ന ആരോപണവുമുണ്ട്. കണ്ണൂര്‍ തെക്ക് റെയില്‍വെ സ്റ്റേഷന്‍ വികസനം വേണമെന്ന ആവശ്യത്തിനും ജനപ്രതിനിധിക്ക് ഇടപെടാനാകുന്നില്ല.

ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസവും ആശ്രയിക്കുന്ന റെയില്‍വെ സ്റ്റേഷന്‍ ആണ് അവഗണിക്കപ്പെടുന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ വികസനമില്ലായ്മ യാത്രക്കാരെ മാത്രമല്ല, പ്രാദേശിക സമ്പദ്വ്യവസ്ഥയെയും ടൂറിസം വ്യവസായത്തെയും കാര്യമായി ബാധിക്കുന്നു.

സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിനും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട കണ്ണൂരിലേക്കുള്ള സന്ദര്‍ശകര്‍ റെയില്‍വെ സ്റ്റേഷന്‍ മുരടിപ്പില്‍ ബുദ്ധിമുട്ടുകയാണ്. ഇത് ആത്യന്തികമായി പ്രാദേശിക ബിസിനസുകളെയും സമ്പദ്വ്യവസ്ഥയെയും ബാധിക്കും.

യാത്രക്കാരുടെ പ്രധാന ഗതാഗത കേന്ദ്രമായിട്ടും അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ഒരുക്കുന്നതില്‍ റെയില്‍വെ വീഴ്ച വരുത്തുന്നു. യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിടുന്നതിനും പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നവീകരിക്കേണ്ടത് അത്യാവശ്യമാണ്.

facebook twitter